ശ്രീനഗര്‍:ജമ്മു കശ്‌മീര്‍ പൊലീസ് പാകിസ്ഥാൻ ഡ്രോണുകള്‍ വര്‍ഷിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്‌ട്ര അതിര്‍ത്തിക്കടുത്തുള്ള ടോപ്പ ഗ്രാമത്തില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകള്‍ ജമ്മുവിലെ അര്‍ണിയയില്‍ ആയുധങ്ങള്‍ വര്‍ഷിച്ചതുമായി ബന്ധപ്പെട്ട കേസ് 2022 ഫെബ്രുവരി 24ന് പൊലീസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു.
ഈ കേസില്‍ അറസ്റ്റിലായ പ്രതി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പാകിസ്ഥാന്‍ പൗരനായ കാസിം എന്ന് വിളിക്കുന്ന മുഹമ്മദ് അലി ഹുസൈനാണ് ഡ്രോണുകളിലൂടെ ആയുധങ്ങള്‍ വര്‍ഷിക്കുന്നതിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസിനോട് ഈയാള്‍ വ്യക്തമാക്കി. കാസിം ലഷ്‌കര്‍ ഇ ത്വയിബയുടെയും അല്‍ ബദര്‍ എന്ന തീവ്രവാദ സംഘടനയുടെയും പ്രധാന പ്രവര്‍ത്തകനാണ്. ചോദ്യം ചെയ്യലില്‍ ഈ പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി
ഡ്രോണുകള്‍ വര്‍ഷിച്ച ആയുധങ്ങള്‍ ഒളിപ്പിച്ചത് രണ്ട് ഇടങ്ങളിലാണെന്ന് അറസ്റ്റിലായ പ്രതി പൊലീസിനോട് വെളിപ്പെടുത്തി. രണ്ട് ഇടങ്ങളിലും ബന്ധപ്പെട്ട മജിസ്ട്രേറ്റുമായി പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. തെരച്ചില്‍ നടത്തിയ ആദ്യത്തെ സ്ഥലത്ത് നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയില്ല.