ന്യൂഡൽഹി:തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്നതിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തർപ്രദേശിലെ മുസാഫർനഗർ, സഹാറൻപൂർ എന്നിവിടങ്ങളിലെ പൊതുപരിപാടികളിലും വീടുതോറുമുള്ള പ്രചാരണങ്ങളിലും പങ്കെടുക്കും. മുസാഫർനഗറിലെ സദർ നിയോജക മണ്ഡലത്തിൽ ശനിയാഴ്‌ച രാവിലെ 11.15ന് അമിത് ഷാ വോട്ടർമാരുമായി ആശയവിനിമയം നടത്തും. തുടർന്ന് ഉച്ചയ്ക്ക് 12.30 മുതൽ മേഖലയിൽ വീടുതോറുമുള്ള പ്രചാരണം നടത്തും.
ഉച്ചകഴിഞ്ഞ് 2.10 മുതൽ സഹരൻപൂരിലെ ദേവ്ബന്ദിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം, ഉച്ചകഴിഞ്ഞ് മൂന്നിന് സഹാറൻപൂരിലെ ദേഹത്ത് ഏരിയയിലെ കോട്ട ഗ്രാമത്തിൽ വോട്ടർമാരുമായി കൂടിക്കാഴ്‌ച നടത്തും. വൈകുന്നേരം 5.30ന് സഹാറൻപൂരിലെ ന്യൂ ശാരദനഗർ ഏരിയയിൽ വീടുതോറുമുള്ള പ്രചാരണത്തോടെ അമിത് ഷായുടെ ഒരു ദിവസം നീണ്ട പ്രചാരണ പരിപാടി സമാപിക്കും.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മിക്കവാറും എല്ലാ സീറ്റുകളിലും രാഷ്ട്രീയ ലോക്‌ദൾ സ്വാധീനം ചെലുത്തുന്ന ജാട്ട് സമുദായത്തിന്‍റെ വോട്ടുകൾ ബിജെപിക്ക് നിർണായക ഘടകമാണ്. 2013ലെ മുസാഫർനഗർ അക്രമത്തെത്തുടർന്ന് വലിയ വിള്ളൽ നേരിട്ട മുസ്ലീം, അഹിർ (യാദവ്), ജാട്ട്, ഗുജ്ജർ, രജ്‌പുത് എന്നിവയുടെ ജാതി സംയോജനമായ മജ്‌ഗർ (MAJGAR) പുനരുജ്ജീവിപ്പിക്കാൻ സമാജ്‌വാദി പാർട്ടിയും ആർഎൽഡിയും ശ്രമിക്കുന്ന പശ്ചാത്തലത്തിലാണിത്.