ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ ആഗ്രഹിക്കുന്നത്ര സമയം ചര്‍ച്ചയ്‌ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഷയം ചര്‍ച്ച ചെയ്യാമെന്നറിയിച്ച് ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ചതായും അദ്ദേഹം അറിയിച്ചു. ലോക്‌സഭയിൽ മൾട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ഹ്രസ്വ ചർച്ചയ്ക്ക് മറുപടിയായി ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ചര്‍ച്ചയ്‌ക്ക് തയ്യാര്‍: അവർ ആഗ്രഹിക്കുന്നിടത്തോളം സമയം ഞങ്ങൾ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾക്ക് കത്തെഴുതിയിട്ടുണ്ടെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. സർക്കാർ ഒന്നിനെയും ഭയപ്പെടുന്നില്ല. മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ചർച്ച ചെയ്യാമെന്നും ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും അമിത് ഷാ പറഞ്ഞു.
ഈ മുദ്രാവാക്യം വിളിക്കുന്ന ആളുകൾക്ക് സഹകരണത്തിലോ നിസഹകരണത്തിലോ ദലിതുകളുടെയോ വനിത ക്ഷേമത്തിലോ ഒന്നുംതന്നെ താൽപ്പര്യമില്ലെന്നും അദ്ദേഹം പ്രതിപക്ഷത്തെ വിമര്‍ശിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ മൾട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ബില്ല് ശബ്‌ദവോട്ടോടെ സഭ ബിൽ പാസാക്കി. തുടര്‍ന്ന് ബുധനാഴ്‌ച ചേരുന്നതിനായി സഭ ഉടന്‍ തന്നെ പിരിഞ്ഞു.
ചര്‍ച്ചയ്‌ക്ക് ക്ഷണം മുമ്പും: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം ചര്‍ച്ചയ്‌ക്ക് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസവും പ്രതികരിച്ചിരുന്നു. മണിപ്പൂരിനെ ചൊല്ലി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പ്രക്ഷുബ്‌ധമായിരിക്കെയായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇതേച്ചൊല്ലി സഭയ്‌ക്കകത്ത് പ്രതിപക്ഷ ബഹളം നടക്കുന്നതിനാല്‍ അമിത് ഷായ്‌ക്ക് തന്‍റെ പ്രസംഗം പോലും മുഴുവനാക്കാന്‍ കഴിഞ്ഞിരുന്നില്ല.