ഹൈദരാബാദ്: പുതിയ പാര്‍ലമെന്‍റില്‍ സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്‍റെ പ്രതീകമായ 'ചെങ്കോല്‍' സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാര്‍ലമെന്‍റ് മന്ദിരത്തിലെ സ്‌പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രിയാണ് സ്വര്‍ണ ചെങ്കോല്‍ സ്ഥാപിക്കുക. ഞായറാഴ്‌ചയാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം.
ചെങ്കോല്‍ സ്ഥാപിക്കുന്നത് ഉദ്‌ഘാടനത്തിലെ പ്രധാന ചടങ്ങായി മാറുമെന്നും മന്ത്രി അമിത് ഷാ അറിയിച്ചു. ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യക്ക് ബ്രിട്ടീഷുകാര്‍ നല്‍കിയതാണ് ഈ ചെങ്കോല്‍. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്‌റുവാണ് ചെങ്കോല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റുവാങ്ങിയത്.
ചെങ്കോലിനെ കുറിച്ചും അതിന്‍റെ പ്രധാന്യത്തെ കുറിച്ചും നിരവധി പേര്‍ക്ക് ഇപ്പോഴും അറിവില്ലെന്നും ഇതിന്‍റെ ചരിത്രവും പ്രത്യേകതകളുമെല്ലാം രാജ്യം കൃത്യമായി മനസിലാക്കണമെന്നും അമിത് ഷാ വ്യക്തമാക്കി. പുതിയ പാര്‍ലമെന്‍റില്‍ ചെങ്കോല്‍ സ്ഥാപിക്കുന്നത് ചരിത്രത്തിന്‍റെ ഭാഗമാകുമെന്നും അതിലൂടെ ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ബന്ധിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘ വീക്ഷണത്തിന്‍റെ ഫലമാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടന ചടങ്ങിലേക്ക് എല്ലാ കക്ഷി നേതാക്കളെയും ക്ഷണിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശാലമായ കാഴ്‌ചപ്പാടാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം സ്ഥാപിക്കാന്‍ കാരണമായത്. ഇന്ത്യന്‍ സംസ്‌കാരവുമായി ഇഴ ചേരുന്നതാണ് പുതിയ മന്ദിരമെന്നും ഉദ്‌ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.