ഗാന്ധിനഗർ:സർദാർ വല്ലഭഭായ് പട്ടേലിന്‍റെ ജന്മദിനത്തിൽകോൺഗ്രസിനെതിരെ പരോക്ഷമായി ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യാനന്തരം സർദാർ വല്ലഭഭായ് പട്ടേലിനെയും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അദ്ദേഹത്തിന്‍റെ സംഭാവനകളെയും മായ്ച്ചുകളയാൻ ശ്രമങ്ങൾ നടന്നിരുന്നുവെന്നും എന്നാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥാപിക്കുക വഴി അത്തരം ശ്രമങ്ങളെ ഇല്ലാതാക്കുകയാണുണ്ടായതെന്നും അമിത് ഷാ പറഞ്ഞു.
സർദാർ പട്ടേലിന്‍റെ 146-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നർമദ ജില്ലയിലെ കെവാഡിയയിൽ നടന്ന ദേശീയ ഐക്യദിനം(രാഷ്‌ട്രീയ ഏക്‌താ ദിവസ്/Rashtriya Ekta Divas) പരിപാടിയിൽ സംസാരിക്കയായിരുന്നു അമിത് ഷാ.
സ്വാതന്ത്ര്യാനന്തരം പട്ടേലിന്‍റെ പ്രവൃത്തികളെ അംഗീകരിക്കുകയോ ഭാരത രത്ന നൽകുകയോ ചെയ്‌തില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അതല്ലെന്നും അദ്ദേഹത്തിന് ഭാരത രത്ന നൽകുകയും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ അദ്ദേഹത്തിന്‍റെ പേരിൽ നിർമിക്കുക വഴി പട്ടേലിന്‍റെ സംഭാവനകളെ ലോകത്തിന് മുന്നിലെത്തിച്ചുവെന്നും അമിത് ഷാ അറിയിച്ചു.
2014ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ഒക്‌ടോബർ 31 ദേശീയ ഐക്യദിനമായി ആചരിക്കാൻ തുടങ്ങിയതെന്ന് പറഞ്ഞ അമിത് ഷാ ഐക്യത്തിന്‍റെ പ്രതിമ(statue of unity) സ്ഥാപിക്കുക വഴി കെവാഡിയ ദേശീയ ഐക്യത്തിന്‍റെയും ദേശസ്നേഹത്തിന്‍റെയും പ്രതീകമായി ലോകത്തിന് മുന്നിൽ മാറിയെന്നും അറിയിച്ചു.
'വിദ്വേഷത്തിന് മേൽ സ്നേഹത്തിന്‍റെ വിജയം ഉറപ്പിക്കാൻ പട്ടേൽ പ്രചോദനം'