സൂരി (പശ്ചിമ ബംഗാള്‍):പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ നിന്നുള്ള 42 സീറ്റുകളില്‍ 35 എണ്ണം ബിജെപിക്ക് നല്‍കിയാല്‍ 2025 ല്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകരുമെന്ന് അദ്ദേഹം പറഞ്ഞു. ബിർഭം ജില്ലയിലെ സൂരിയിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉടന്‍ വീഴ്‌ത്തിയിരിക്കും:2024ല്‍ ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ 2025 ന് മുമ്പ് ഈ സര്‍ക്കാര്‍ തകര്‍ന്നിരിക്കും. ബിജെപിക്ക് മാത്രമെ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കഴിയുകയുള്ളു. ദീദി-ഭായ്‌പോ (മമത ബാനര്‍ജിയും അനന്തരവന്‍ അഭിഷേകും) അക്രമങ്ങളെ തടുക്കാന്‍ ബിജെപി അധികാരത്തിലെത്തണമെന്നും അമിത് ഷാ പറഞ്ഞു. ബിജെപിക്ക് മാത്രമെ അനധികൃത കുടിയേറ്റം, പശുക്കടത്ത്, അഴിമതി എന്നിവ തടയാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്തിന് ബിജെപി:രാമനവമി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അരങ്ങേറിയ അക്രമങ്ങളിലും പ്രതികരിക്കാന്‍ അദ്ദേഹം മറന്നില്ല. മമത ബാനർജി സർക്കാരിന്‍റെ പ്രീണന നയങ്ങൾ മൂലമാണ് രാമനവമിക്കിടെ അക്രമണങ്ങള്‍ നടന്നത്. ഹൗറയിലെയും റിശ്രയിലെയും അക്രമങ്ങള്‍ക്ക് കാരണം തൃണമൂല്‍ സര്‍ക്കാര്‍ കാഴ്‌ചക്കാരായി മാത്രം ഒതുങ്ങി നിന്നതാണ്. ബിജെപി അധികാരത്തില്‍ വന്നാല്‍ ഇത്തരം സംഭവങ്ങള്‍ നടക്കില്ലെന്നും രാമനവമി റാലിക്കിടെ അക്രമം നടത്താന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതീക്ഷകള്‍ തെറ്റിച്ച പശ്ചിമ ബംഗാള്‍:പശ്ചിമ ബംഗാളില്‍ 200 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് 2021 ല്‍ കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിനിടെ അമിത് ഷാ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 77 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. അതേസമയം മമത നേതൃത്വം നല്‍കിയ തൃണമൂല്‍ കോണ്‍ഗ്രസ് 211 സീറ്റുകളുടെ മഹാ ഭൂരിപക്ഷത്തില്‍ തുടര്‍ഭരണം നേടിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിക്ക് നല്‍കിയ 77 സീറ്റുകള്‍ എന്നത് വലിയ ഉത്തരവാദിത്തമാണെന്നും വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
രാമനവമി ആഘോഷത്തിലെ ആക്രമണങ്ങള്‍:അതേസമയം രാമനവമി ഘോഷയാത്രയ്ക്കിടെ രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിലായി അരങ്ങേറിയ അക്രമസംഭവങ്ങളിൽ ആഭ്യന്തര മന്ത്രാലയം മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശങ്ങളിൽ കൃത്യമായ ജാഗ്രത പുലർത്താൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഭരണകൂടങ്ങളോടും സുരക്ഷാ ഏജൻസികളോടും ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതുപ്രകാരം പശ്ചിമ ബംഗാൾ, ബിഹാർ, മഹാരാഷ്‌ട്ര, ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലുണ്ടായ മോശം ക്രമസമാധാന നിലയെക്കുറിച്ച് നോർത്ത് ബ്ലോക്കിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, കേന്ദ്ര അർധസൈനിക മേധാവികൾ എന്നിവരുമായി സുരക്ഷ അവലോകന യോഗം നടത്തിയതായും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ക്രമസമാധാന നില നിലനിർത്തുന്നതിൽ ബിഹാർ സർക്കാരിനെ സഹായിക്കാൻ അര്‍ധസൈനിക സേനയെ അയച്ചതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ അരങ്ങേറിയ അക്രമങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിൽ നിന്ന് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.