ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന തീവ്രവാദത്തെ നേരിടാൻ ഭീകരർക്കെതിരെ നിഷ്‌കരുണമായ സമീപനം സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യം നേരിടുന്ന ഭീകര പ്രവര്‍ത്തനങ്ങളോട് സഹിഷ്‌ണുതയില്ലാത്ത നയത്തിന് പിന്നില്‍ പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘ വീക്ഷണമാണെന്നും അമിത് ഷാ പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ‘മൂന്നാം ഭീകരവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഒരു പുതിയ തീവ്രവാദ സംഘടന രൂപീകരിക്കാൻ കഴിയാത്തവിധത്തിൽ തീവ്രവാദ വിരുദ്ധ ഏജൻസികൾ നിഷ്‌കരുണമായ സമീപനം സ്വീകരിക്കണം. എൻഐഎ, എടിഎസ്, എസ്‌ടിഎഫ് എന്നിവയുടെ ചുമതല അന്വേഷണത്തിൽ മാത്രമായി ഒതുങ്ങരുത്, മറിച്ച് അവർ നവീനമായി ചിന്തിക്കുകയും തീവ്രവാദത്തെ നേരിടാൻ പുതിയ നടപടികൾ സ്വീകരിക്കുകയും വേണം.” -ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്തെ എല്ലാത്തരം ഭീകരതകളെയും ശക്തമായി തടയാൻ കേന്ദ്ര-സംസ്ഥാന ഏജൻസികൾ വിജയിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. “ എന്‍ഐഎയുടെ കീഴിൽ മാതൃകാ തീവ്രവാദ വിരുദ്ധ ഘടന സ്ഥാപിക്കണം. കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിലുള്ള മികച്ച ഏകോപനത്തിനായി എല്ലാ സംസ്ഥാനങ്ങളിലെയും തീവ്രവാദ വിരുദ്ധ ഏജൻസികളുടെ അന്വേഷണ മാതൃക ഏകീകൃതമാക്കണം. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ആഗോളതലം മുതൽ താഴെത്തട്ട് വരെയുള്ള സഹകരണവും ആവശ്യമാണെന്ന് അമിത് ഷാ പറഞ്ഞു.
ക്രിപ്‌റ്റോ, ഹവാല, തീവ്രവാദ ഫണ്ടിംഗ്, സംഘടിത ക്രൈം സിൻഡിക്കേറ്റുകൾ, നാർക്കോ-ടെറർ ലിങ്കുകൾ തുടങ്ങിയ എല്ലാ വെല്ലുവിളികളിലും തൻ്റെ സർക്കാർ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഇത് വളരെ നല്ല ഫലങ്ങൾ നൽകിയിട്ടുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ കേന്ദ്ര സർക്കാർ നിരവധി ഡാറ്റാബേസുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. എല്ലാ കേന്ദ്ര സംസ്ഥാന ഏജൻസികളും ഈ ഡാറ്റാബേസ് ഉപയോഗിച്ചാൽ മാത്രമേ മാത്രമേ തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ നാം വിജയിക്കൂ. അന്വേഷണം, പ്രോസിക്യൂഷൻ, പ്രതിരോധ നടപടികൾ എന്നിവയ്ക്കായി ഡാറ്റാബേസ് ഉപയോഗിക്കണം. എല്ലാ പോലീസ് സ്റ്റേഷനുകളും യുവ പോലീസ് ഓഫീസർമാരും ഡാറ്റാബേസ് പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഷാ പറഞ്ഞു.
94 ശതമാനത്തിലധികം ശിക്ഷാ നിരക്ക് നേടിയതിന് എൻഐഎയെ അഭിനന്ദിച്ച അദ്ദേഹം ഈ ദിശയിൽ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും പറഞ്ഞു. ശിക്ഷാ നിരക്ക് വർധിപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിൽ വലിയ വിജയങ്ങൾ കൈവരിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ജമ്മു കശ്‌മീരിലെ സ്ഥിതിഗതികളെക്കുറിച്ചും സംസാരിച്ച ഷാ അവിടെ സ്ഥിതിഗതികൾ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷമായി ജമ്മു കശ്മീർ സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും യുഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
ഡാല്‍ഹിയിലെ ചാണക്യപുരി ഏരിയയിലെ സുഷമ സ്വരാജ് ഭവനിൽ രണ്ട് ദിവസങ്ങളിലായാണ് എന്‍ഐഎയുടെ ‘മൂന്നാം ഭീകരവിരുദ്ധ സമ്മേളനം നടക്കുന്നത് . ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക്, ആഭ്യന്തര സെക്രട്ടറി, ഇന്‍റലിജൻസ് ബ്യൂറോ ഡയറക്ടർ ജനറൽ, എൻഐഎ ഡയറക്ടർ ജനറൽ, കേന്ദ്ര സായുധ പോലീസ് സേനാ ഡയറക്ടർ ജനറൽമാർ, സംസ്ഥാന പോലീസ് മേധാവികൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഭീകര ആവാസവ്യവസ്ഥയെ നിർവീര്യമാക്കൽ, ഭീകരവാദ അന്വേഷണങ്ങളിലെ നല്ല ശീലങ്ങൾ, തീവ്രവാദ ഫണ്ടിംഗ് പ്രവണതകളും പ്രതിരോധ നടപടികളും, ഭീകരതയെ നേരിടാൻ യുഎപിഎയുടെയും മറ്റ് നിയമ വ്യവസ്ഥകളുടെയും ഉപയോഗം, ഡിജിറ്റൽ ഫോറൻസിക്‌സ്, ഡാറ്റാ അനലിറ്റിക്‌സ് എന്നിവയിലൂടെയുള്ള വിവരശേഖരണം എന്നീ അഞ്ച് വിഷയങ്ങൾ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഭീകരവിരുദ്ധ സമ്മേളനത്തിൽ ചർച്ച ചെയ്യും.