ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രത്തിനെതിരെ ഗൂഢാലോചന നടത്തുന്നതിലൂടെ ഇന്ത്യയുടെ വികസനപ്രവർത്തനങ്ങളെ തടസപ്പെടുത്താൻ കോൺഗ്രസിനോ ആഗോള സ്ഥാപനങ്ങൾക്കോ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ പുരോഗതി ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളാണ് ഇത്തരത്തിലുള്ള തടസങ്ങൾ സൃഷ്ടിക്കുന്നത്. ഗൂഢാലോചനക്കാർക്ക് രാജ്യത്തിന്‍റെ വികസനം പാളം തെറ്റിക്കാൻ കഴയില്ല. ഇക്കാര്യം എല്ലാ ഇന്ത്യക്കാർക്കും മനസിലാകുമെന്നും ഷാ പറഞ്ഞു.
പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടേയും ഫോൺ ചോർത്തിയതിൽ കേന്ദ്രത്തിന് പങ്കുണ്ടെന്ന ആരോപണത്തിനെതിരെയാണ് അമിത് ഷായുടെ വിമർശനം. മോദി സർക്കാരിന്‍റെ മുൻഗണന 'ദേശീയ ക്ഷേമം' ആണ്. എന്തുതന്നെ സംഭവിച്ചാലും അത് നേടുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.