അഗർത്തല (ത്രിപുര): ഹിൻഡൻബർഗ്-അദാനി വിഷയത്തിൽ പ്രതികരണവുമായി അമിത് ഷാ. ബിജെപിക്ക് ഒളിക്കാനോ ഭയപ്പെടാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആ സാഹചര്യത്തിൽ ഒരു മന്ത്രി എന്ന നിലയിൽ ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല. എന്നിരുന്നാലും ഇതിൽ ബിജെപിക്ക് ഒളിക്കാനും പേടിക്കാനും ഒന്നുമില്ലെന്ന് അമിത് ഷാ പറഞ്ഞു.
ലോക്‌സഭയിൽ രാഹുൽ ഗാന്ധി അദാനി വിഷയത്തിൽ നടത്തിയ പ്രസംഗത്തെക്കുറിച്ചും അമിത് ഷാ പ്രതികരിച്ചു. രാഹുൽ ഗാന്ധി എന്ത് പ്രസംഗം നടത്തണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസോ അദ്ദേഹത്തിന്‍റെ പ്രസംഗം എഴുതുന്നവരോ ആണെന്നും അമിത് ഷാ പറഞ്ഞു.
'ചങ്ങാത്ത മുതലാളിത്തം':വിഷയത്തിൽബിജെപിക്കെതിരായി രാഹുൽ ഗാന്ധി ഉന്നയിച്ച 'ചങ്ങാത്ത മുതലാളിത്തം' (crony capitalism) എന്ന ആരോപണം ഉന്നയിക്കാൻ നാളിതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. കോൺഗ്രസ് ഭരണ കാലത്ത് അഴിമതിയുടെ പേരിൽ അന്വേഷണ ഏജൻസികൾ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് ആ കാലത്ത് നടന്നത്.
അദാനി വിഷയത്തിൽ പ്രതിപക്ഷം: അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. അദാനി ഗ്രൂപ്പിലെ എൽഐസിയുടെയും ചില പൊതുമേഖല ബാങ്കുകളുടെയും നിക്ഷേപം സംബന്ധിച്ചുള്ള ആരോപണങ്ങൾ സർക്കാർ നിരസിക്കുകയാണുണ്ടായത്. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗിന്‍റെ റിപ്പോർട്ടിനെ തുടർന്ന് നിക്ഷേപക താത്‌പര്യങ്ങൾ സംരക്ഷിക്കാൻ സമിതി രൂപീകരിക്കാൻ സെബി സമ്മതിച്ചതായി കേന്ദ്രം തിങ്കളാഴ്‌ച സുപ്രീം കോടതിയെ അറിയിച്ചു.
ഹിൻഡൻബർഗ് റിസർച്ചിന്‍റെ സമീപകാല റിപ്പോർട്ട് മൂലം ഉണ്ടായ സാഹചര്യം നേരിടാൻ സെബി പൂർണമായും സജ്ജമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ ബെഞ്ചിനെ അറിയിച്ചു. ഭാവിയിൽ നിക്ഷേപകരെ എങ്ങനെ സംരക്ഷിക്കണമെന്ന് നിർദേശിക്കുന്നതിനായി ഒരു സമിതിയെ നിയോഗിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും മേത്ത പറഞ്ഞു.
'ഹിൻഡൻബർഗ് റിപ്പോർട്ടിലും ബിബിസി ഡോക്യുമെന്‍ററിയിലും ഗൂഢാലോചന':ബിജെപിക്കെതിരെ ഉയർന്ന ശക്തമായ വിവാദങ്ങളായിരുന്നു ഹിൻഡൻബർഗ്- അദാനി വിഷയവും ബിബിസി ഡോക്യുമെന്‍ററിയും. ഇതിനോട് പ്രതികരിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു,സത്യത്തെ തകർക്കാൻ കഴിയില്ല. സത്യം സൂര്യനെപ്പോലെ പ്രകാശിക്കുന്നു. 2002 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗൂഢാലോചനകൾ നടത്തുന്നു. ഓരോ തവണയും അദ്ദേഹം ശക്തനും സത്യസന്ധനുമാണെന്ന് തെളിയിക്കുന്നു. അതിലൂടെ ജനങ്ങൾക്കിടയിൽ കൂടുതൽ ജനപ്രീതി നേടുകയും ചെയ്യുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
'2024ൽ ബിജെപിക്ക് മത്സരമില്ല': 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മത്സരമില്ലെന്ന് അമിത് ഷാ. രാജ്യത്തെ ജനങ്ങൾ പൂർണഹൃദയത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നീങ്ങുകയാണ്. ബിജെപിയുടെ പ്രധാന പ്രതിപക്ഷ പാർട്ടി എതെന്ന് ജനങ്ങൾ തീരുമാനിക്കും. ഇതുവരെ ആ ലേബൽ ഒരു പാർട്ടിക്കും ജനങ്ങൾ നൽകിയിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു.
കേന്ദ്രസർക്കാരിന്‍റെ നയങ്ങളിലൂടെ താഴെ തട്ടിലുള്ള ആളുകളുടെ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടായി. ഒരിക്കൽ ആധിപത്യം പുലർത്തിയിരുന്ന സംസ്ഥാനങ്ങളിൽ ഇപ്പോൾ പ്രതിപക്ഷ പാർട്ടിയുടെ ശക്തി കാണിക്കുന്നതായിരിക്കും ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും അമിത് ഷാ വ്യക്തമാക്കി. കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവയുൾപ്പെടെ ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചിട്ടുണ്ട്. ആഭ്യന്തര സുരക്ഷ വർധിപ്പിക്കാനും പ്രതിരോധത്തിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സർക്കാർ സ്വീകരിച്ച നടപടികൾ, സമ്പദ് വ്യവസ്ഥയുടെ വളർച്ച ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യ പുരോഗതി കൈവരിച്ചു. ഇന്ത്യയുടെ നേട്ടങ്ങൾക്ക് ലോകത്തിൽ അംഗീകാരമുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
എട്ട് വർഷത്തെ ചെറിയ കാലയളവിൽ, രാജ്യത്തെ 60 കോടി പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയർത്താൻ കഴിഞ്ഞു. റെയിൽവേയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു, ഇന്ത്യയെ ഉത്‌പാദന കേന്ദ്രമാക്കാനുള്ള വിജയകരമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ മേഖലയിൽ സ്വാശ്രയത്വത്തിനായുള്ള ശ്രമങ്ങൾ, ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് 30 ശതമാനം കുറച്ചു. ഇതൊക്കെ രാജ്യത്തിന്‍റെ വലിയ നേട്ടങ്ങളാണ്. ജമ്മു കശ്‌മീരിൽ ഭീകരതയ്‌ക്കെതിരെ പ്രവർത്തിച്ചു. കേന്ദ്രസർക്കാരിന്‍റെ പദ്ധതികൾ ഫലപ്രദമായി താഴെത്തട്ടിലെ ആളുകളിലേക്ക് എത്തിച്ചു എന്നും അമിത് ഷാ പറഞ്ഞു.
ഭാരത് ജോഡോ യാത്രയും തെരഞ്ഞെടുപ്പും: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങൾ (ത്രിപുര, നാഗാലാൻഡ്, മേഘാലയ) മുൻകാലങ്ങളിൽ കോൺഗ്രസ് ആധിപത്യ കേന്ദ്രങ്ങളാണ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനം എന്താണെന്ന് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണൽ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ബിജെപിക്ക് പൂർണ ഭൂരിപക്ഷം ലഭിക്കുമെന്ന് ഷാ പറഞ്ഞു.
രാജ്യത്ത് മുഗളന്മാരുടെ പേരിലുള്ള എല്ലാ സ്ഥലങ്ങളും കണ്ടെത്തി അവയുടെ പേരുകൾ മാറ്റുമെന്ന ആരോപണത്തോട് ശക്തമായി പ്രതികരിച്ചു. ചരിത്രത്തിൽ ആരുടെയും സംഭാവനകൾ ഇല്ലാതാക്കാൻ ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. ബിജെപി സർക്കാർ നന്നായി ആലോചിച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഓരോ സർക്കാരിനും നിയമപരമായ അവകാശങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മുഗൾ ചരിത്രവുമായി ബന്ധപ്പെട്ട നഗരങ്ങളുടെ പേരുമാറ്റുകയോ പുനർനാമകരണം ചെയ്യാൻ പദ്ധതിയിടുകയോ ചെയ്‌ത് രാജ്യത്തിന്‍റെ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഉയർന്നുവന്ന ആരോപണം.
'ജമ്മു കശ്‌മീരിന് സംസ്ഥാന പദവി': തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്‌മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്‌മീരിലെ സ്ഥിതിഗതികളിൽ പുരോഗതിയുണ്ടെന്നും തീവ്രവാദവുമായി ബന്ധപ്പെട്ട കണക്കുകൾ ഏറ്റവും താഴ്ന്ന നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്‌മീരിൽ വികസനം നടക്കുന്നതിനനുസരിച്ച് ഭീകരവാദം ക്രമേണ അവസാനിക്കുകയാണെന്നും തീവ്രവാദത്തെ നേരിടുന്നതിൽ സർക്കാർ കാര്യക്ഷമമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ കോടിക്കണക്കിന് വിനോദസഞ്ചാരികളും യാത്രക്കാരും ജമ്മു കശ്‌മീർ സന്ദർശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്‌മീരിൽ ആരുടെ ഭരണകാലത്താണ് തീവ്രവാദം വളർന്നതെന്ന് ബിജെപിയെ ആക്ഷേപിക്കുന്നവർ പറയണമെന്നും ഷാ പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ, ബിഹാറിൽ നിന്നും ജാർഖണ്ഡിൽ നിന്നും തീവ്രവാദം ഏറെക്കുറെ ഇല്ലാതാക്കി. 20 വർഷത്തിനിടെ ആദ്യമായി, പ്രദേശവാസികളുടെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും ആകെ മരണനിരക്ക് 100ൽ താഴെയായി. ഇത് ഒരു വലിയ നേട്ടമാണ്, രാജ്യത്തിന് പുറത്തുള്ള വിഘടനവാദികളുടെയും ഖാലിസ്ഥാൻ അനുകൂലികളുടെയും പ്രവർത്തനങ്ങളെക്കുറിച്ചും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതിനായി വിവിധ ഏജൻസികൾ തമ്മിൽ നല്ല ഏകോപനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കെതിരെ:സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നു (capturing institutions) എന്ന പ്രതിപക്ഷങ്ങളുടെ ആരോപണങ്ങൾക്കെതിരെയും അമിത് ഷാ പ്രതികരിച്ചു. കോടതികൾ ബിജെപിയുടെ സ്വാധീനത്തിലല്ലെന്നും പരാതികളുണ്ടെങ്കിൽ കോടതിയിൽ പോകണമെന്നും ഷാ പറഞ്ഞു. ബഹളം ഉണ്ടാക്കാൻ മാത്രമേ പ്രതിപക്ഷത്തിന് അറിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വികസന കുതിപ്പിൽ വടക്കുകിഴക്കൻ മേഖല': വടക്കുകിഴക്കൻ മേഖലയ്ക്കുള്ള കേന്ദ്രത്തിന്‍റെ വികസന കുതിപ്പും അദ്ദേഹം ഉയർത്തിക്കാട്ടി. കഴിഞ്ഞ എട്ട് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 51 തവണയാണ് വടക്കു കിഴക്കൻ മേഖലകൾ സന്ദർശിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി മോദി അധികാരത്തിൽ വന്നതിന് ശേഷം, വടക്കുകിഴക്കൻ പ്രദേശങ്ങളെ മുഴുവൻ മാറ്റാൻ ഒരുപാട് കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്. വടക്കുകിഴക്കൻ മേഖലയിൽ ഇന്ന് സമാധാനമുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ ഒരു വിമാനത്താവളം മാത്രമുണ്ടായിരുന്ന ത്രിപുരയിൽ ബിജെപി സർക്കാർ ഇപ്പോൾ രണ്ടാമത്തെ വിമാനത്താവളം നിർമിക്കുകയാണെന്ന് ഷാ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി വിവിധ വികസന പദ്ധതികൾ ഏറ്റെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു.
'കഴിഞ്ഞ എട്ട് വർഷത്തിനിടെ പ്രധാനമന്ത്രി തന്നെ 51 തവണ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം ഒരു പ്രധാനമന്ത്രിയും ഇത്രയധികം തവണ അവിടെ സന്ദർശനം നടത്തിയിട്ടില്ല. ഓരോ 15 ദിവസത്തിലും ഒരു കേന്ദ്ര മന്ത്രിയെങ്കിലും ഈ പ്രദേശം സന്ദർശിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഇതുകൂടാതെ, കൊവിഡ് കാലം മുതൽ സൗജന്യ അരി വിതരണം ചെയ്‌തുവരുന്നു' - അമിത് ഷാ പറഞ്ഞു.
പ്രാഥമിക വിദ്യാഭ്യാസം പ്രാദേശിക ഭാഷകളിൽ ആരംഭിച്ചിട്ടുണ്ടെന്നും ത്രിപുര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രാദേശിക ഭാഷയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രത്തിന്‍റെ ശ്രമങ്ങളെക്കുറിച്ചും അമിത് ഷാ ഊന്നിപ്പറഞ്ഞു. രാജ്യത്തുടനീളം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സ്വീകാര്യത വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസി സമൂഹത്തിന്‍റെ ക്ഷേമത്തിനായുള്ള ബിജെപി സർക്കാരിന്‍റെ പ്രതിബദ്ധതയേയും അമിത് ഷാ ഉയർത്തിക്കാട്ടി. 'ആദ്യമായി ഗോത്രവർഗത്തിൽ നിന്നുള്ള ഒരാൾ രാജ്യത്തിന്‍റെ പ്രസിഡന്‍റായി. ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനത്തിലാണ് ജൻജാതിയ ഗൗരവ് ദിവസ് ആഘോഷിക്കുന്നത്. 1857-ന് മുമ്പുള്ള ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകളും അവരുടെ പോരാട്ടവും പ്രദർശിപ്പിക്കുന്നതിനായി 200 കോടി രൂപ ചെലവിൽ 10 വലിയ മ്യൂസിയങ്ങൾ നിർമ്മിച്ചു'- അമിത് ഷാ പറഞ്ഞു.
സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ഇപ്പോൾ യാതൊരു വിവേചനവുമില്ലാതെ ആദിവാസി സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഭരണകാലത്ത് ഇതുണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) സർക്കാർ വിജയകരമായി നിരോധിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബിജെപി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ത്രിപുര നിയമസഭയിലെ 60 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 16 നും മേഘാലയ, നാഗാലാൻഡ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടെടുപ്പ് ഫെബ്രുവരി 27 നും നടക്കും. വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും