ന്യൂഡൽഹി : മണിപ്പൂരിലെ കലാപ മേഖലകള്‍ സന്ദർശിച്ചതിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ഐ ടി സെൽ മേധാവി അമിത് മാളവ്യ. രാഹുൽ ഗാന്ധി സമാധാനത്തിന്‍റെ മിശിഹയല്ലെന്നും രാഷ്‌ട്രീയ അവസരവാദിയാണെന്നും ഐ ടി സെൽ മേധാവി ട്വീറ്റ് ചെയ്‌തു. രണ്ടുദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂരിൽ എത്തിയിരുന്നു.
2015 -17 കാലഘട്ടത്തിൽ മൂന്ന് ബില്ലുകൾ പാസാക്കാനുള്ള കോൺഗ്രസ് മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് സർക്കാരിന്‍റെ തീരുമാനത്തെ തുടർന്നുണ്ടായ വംശീയ കലാപത്തിന് ഇരയായവരെ കാണാൻ കോൺഗ്രസ് നേതാവ് ഒരിക്കൽ പോലും മണിപ്പൂർ സന്ദർശിച്ചിട്ടില്ലെന്ന് അമിത് മാളവ്യ ട്വീറ്റിലൂടെ കുറ്റപ്പെടുത്തി. മണിപ്പൂർ പീപ്പിൾസ് ബിൽ (2015), മണിപ്പൂർ ലാൻഡ് റവന്യൂ ആൻഡ് ലാൻഡ് റിഫോംസ് (ഏഴാം ഭേദഗതി) ബിൽ, (2015), മണിപ്പൂർ ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്‍റ് (രണ്ടാം ഭേദഗതി) ബിൽ (2015) എന്നിവയായിരുന്നു വിവാദമായവ. ആദിവാസി ഭൂമി തട്ടിയെടുക്കാനുള്ള മെയ്‌തി വിഭാഗത്തിന്‍റെ ഗൂഢാലോചനയെ തുടർന്നുണ്ടായ സംഘർഷത്തിൽ അന്ന് ഒൻപത് പേരാണ് വെടിയേറ്റ് മരിച്ചത്.
ആകുലതയല്ല, അജണ്ടയാണ് : ഇപ്പോഴുള്ള രാഹുലിന്‍റെ സന്ദർശനം മണിപ്പൂരിലെ ജനങ്ങളോടുള്ള ആകുലത കൊണ്ടല്ല. മറിച്ച് സ്വാർഥ രാഷ്‌ട്രീയ അജണ്ടയാണ്. രാഹുലിനേയോ കോൺഗ്രസിനേയോ ആരും വിശ്വസിക്കരുതെന്നും മാളവ്യ പറഞ്ഞു. അതേസമയം രാഹുൽ അപകടകാരിയാണെന്നും അദ്ദേഹത്തിന്‍റെ ചരടുവലിക്കുന്നവരാണ് കൂടുതൽ അപകകാരികളെന്നും മാളവ്യ നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു.
മാളവ്യയ്‌ക്കെതിരായ കേസ് :പ്രധാനമന്ത്രി മോദിയെ നാണംകെടുത്താൻ വേണ്ടി ഇന്ത്യയെ വിദേശത്ത് അപകീർത്തിപ്പെടുത്താനുള്ള ഒരവസരവും രാഹുൽ ഉപേക്ഷിക്കാറില്ലെന്നും ട്വീറ്റിൽ നേരത്തേ മാളവ്യ ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന ആനിമേഷൻ വീഡിയോ ട്വിറ്ററിൽ പ്രചരിപ്പിച്ചതിന് കഴിഞ്ഞ ദിവസം അമിത് മാളവ്യക്കെതിരെ കർണാടക പൊലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കർണാടകയിലെ കോൺഗ്രസ് നേതാവ് രമേശ് ബാബു നൽകിയ പരാതിയിലാണ് കേസ് രജിസ്‌റ്റർ ചെയതത്.