ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിലെ താലിബാൻ മുന്നേറ്റം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അഫ്‌ഗാനിലെ മസർ-ഇ-ഷെരീഫിലും പരിസരങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാരോട് എത്രയും വേഗം മടങ്ങിവരാൻ ആവശ്യപ്പെട്ട് രാജ്യം. താലിബാൻ സൈന്യം മസർ-ഇ-ഷെരീഫിനെ ആക്രമിക്കാൻ പദ്ധതിയിടുന്നതിനിടയിലാണ് ഇന്ത്യക്കാരെ തിരിച്ചുവിളിക്കാനുള്ള നീക്കം.
ചൊവ്വാഴ്ച വൈകുന്നേരം പ്രത്യേക വിമാനം മസർ-ഇ-ഷെരീഫിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെടുന്നുണ്ടെന്നും പ്രദേശത്തെ ഇന്ത്യൻ പൗരന്മാർ വിമാനത്തിൽ രാജ്യത്തേക്ക് മടങ്ങി വരണമെന്നും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ട്വീറ്റ് ചെയ്തു. പ്രത്യേക വിമാനത്തിൽ മടങ്ങിവരാൻ ആഗ്രഹിക്കുന്ന പൗരന്മാർ അവരുടെ മുഴുവൻ പേര്, പാസ്പോർട്ട് നമ്പർ, കാലഹരണപ്പെടൽ തീയതി എന്നിവ 0785891303, 0785891301 എന്നീ നമ്പരുകളിലേക്ക് വാട്‌സ്‌ആപ്പ് വഴി അറിയിക്കണമെന്ന് ട്വീറ്റിൽ പറയുന്നു.