ന്യൂഡൽഹി:തലസ്ഥാനത്തെ വർധിച്ചു വരുന്ന കൊവിഡ് കേസുകളെ നേരിടാൻ ലോക്ക്‌ഡൗൺ ഒരു പരിഹാരമല്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഇതിന് മുമ്പും സംസ്ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നുവെന്നും എന്നിട്ടും രോഗമുക്തി നേടാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നപ്പോൾ വൈറസിന്‍റെ വ്യാപനം എങ്ങനെയെന്ന് ആർക്കും അറിയില്ലായിരുന്നു. തുടർന്നാണ് 14 ദിവസത്തെ നിരീക്ഷണവും അതിനു പിന്നാലെ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപനവും ഉണ്ടാകുന്നത്. എന്നിട്ടും കൊവിഡ് വ്യാപനത്തിന് മാറ്റമുണ്ടായില്ല. അതുകൊണ്ടു തന്നെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു കൊണ്ട് മാത്രം ഈ മഹാമാരിയെ തടയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡിനെ നേരിടാൻ ലോക്ക്‌ഡൗൺ പരിഹാരമല്ലെന്ന് സത്യേന്ദർ ജെയിൻ - ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ
രോഗികളുടെ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ കൊവിഡ് പരിശോധന വർധിപ്പിച്ചതായി മന്ത്രി അറിയിച്ചു
രോഗികളുടെ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ കൊവിഡ് പരിശോധന വർധിപ്പിച്ചതായും മന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ദിനംപ്രതി 85,000-90,000 സാംപിളുകൾ പരിശോധിക്കുന്നതായും ഇത് ദേശീയ ശരാശരിയുടെ അഞ്ച് ശതമാനത്തിലധികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,534 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പേർ കൂടി മരിച്ചതോടെ ആകെ മരണം 10,987 ആയി. 6,051 കേസുകള്‍ ഉള്‍പ്പെടെ ആകെ രോഗബാധിതരുടെ എണ്ണം 6,54,276 ആയി ഉയർന്നു. 971 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 6,37,238 ആയി.
ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ(ഡിഡിഎംഎ) ഉത്തരവ് പ്രകാരം ഹോളി, നവരാത്രി പോലുള്ള ഒത്തുചേരലുകൾ തലസ്ഥാനത്ത് അനുവദിക്കില്ല. കൂടാതെ കൊവിഡ് വർധനവുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെ ആന്‍റിജൻ/ആർടി-പിസിആർ പരിശോധന എല്ലാ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും അന്തർ സംസ്ഥാന ബസ് ടെർമിനലുകളിലും നടപ്പാക്കണമെന്നും ഡിഡിഎംഎ അറിയിച്ചു.