ന്യൂഡൽഹി: ഒരു വര്‍ഷമായിട്ടും രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാത്തതില്‍ അതൃപ്‌തനാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ രാജസ്ഥാന്‍ മുന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി. പ്രശ്നങ്ങൾ ഹൈക്കമാൻഡിനെ അറിയിക്കാനാണ് സച്ചിൻ ഡല്‍ഹിയിലെത്തിയതെന്നാണ് സൂചന. എന്നാല്‍ ഉത്തര്‍പ്രദേശിലെ പ്രമുഖ നേതാവ് ജിതിന്‍ പ്രസാദ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേ സച്ചിൻ പൈലറ്റ് ഡല്‍ഹിയിലെത്തിയാണ് അഭ്യൂഹങ്ങൾക്ക് കാരണം.
സച്ചിന്‍റെ ലക്ഷ്യമെന്ത്
പാര്‍ട്ടിയ്ക്ക് തലവേദനയായി ഒരു വര്‍ഷത്തിന് ശേഷം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ പുകഞ്ഞ് തുടങ്ങിയതായാണ് സൂചന. വെള്ളിയാഴ്‌ച ഡല്‍ഹിയില്‍ എത്തിയ പൈലറ്റ് ഞായറാഴ്‌ച വരെ രാജ്യ തലസ്ഥാനത്ത് തുടരും. പ്രിയങ്ക ഗാന്ധിയെയോ രാഹുൽ ഗാന്ധിയെയോ സന്ദർശിക്കാൻ തനിക്ക് പദ്ധതിയില്ലെന്ന് പൈലറ്റ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രാജസ്ഥാന്‍റെ ചുമതലയുള്ള അജയ് മാക്കൻ ഇക്കാര്യം നിഷേധിച്ചില്ല.
കോണ്‍ഗ്രസില്‍ പൈലറ്റിന് അതൃപ്‌തിയുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടായിരുന്നെങ്കില്‍ ഈ കൂടിക്കാഴ്‌ച സാധ്യമാകുമായിരുന്നില്ലെന്നാണ് മാക്കൻ മാധ്യമങ്ങളോട് പറഞ്ഞത്. രാജസ്ഥാൻ മന്ത്രിസഭയിലും പാർട്ടി നേതൃസ്ഥാനങ്ങളിലുമുള്ള ഒഴിവുകള്‍ നികത്താനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also read: പാർട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നത; യുപി മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം ഫലം കാണുമോ?