ന്യൂഡൽഹി:നൊവ വാക്‌സ് വാക്‌സിൻ പുതിയ ഡെൽറ്റ വകഭേദത്തെ ചെറുക്കുമെന്ന് വിദഗ്‌ധർ. കൊവിഡിൻ്റെ പുതിയ ഡെൽറ്റ വകഭേദത്തിൽ ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്‌ധരും ആശങ്ക പ്രകടിപ്പിച്ചുവെങ്കിലും വാക്‌സിൻ 90 ശതമാനം ഫലപ്രാപ്‌തി സ്ഥിരീകരിച്ചതോടെയാണ് ആശങ്കകൾ ഒഴിയുന്നത്.
നൊവവാക്‌സ് വാക്‌സിന് 90.4 ശതമാനം ഫലപ്രാപ്‌തി
വാക്‌സിന് ഉയർന്ന ഫലപ്രാത്‌തിയാണുള്ളതെന്ന് ദേശീയ ടാസ്‌ക് ഫോഴ്‌സ് ചെയർമാൻ ഡോ. വികെ പോൾ പറഞ്ഞു. അനുമതി ലഭിക്കുന്ന മുറക്ക് വാക്‌സിൻ ഉത്പാദനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോവാക്‌സ് വാക്‌സിൻ നിർമാതാക്കളുമായി ഇന്ത്യൻ കമ്പനികൾ ചർച്ച നടത്തിവരികയാണ്. കുട്ടികളിലെ പരീക്ഷണം ഉടൻ ആരംഭിക്കുമെന്നും നിതി ആയോഗ് അംഗം കൂടിയായ ഡോ. വികെ പോൾ പറഞ്ഞു.
Read more: വാക്‌സിൻ സ്വീകരിച്ചവർക്ക് അനഫിലാക്‌സിസ്; ആദ്യ മരണം സ്ഥിരീകരിച്ചു
അണുബാധകൾക്കെതിരെ 90.4 ശതമാനം ഫലപ്രാപ്‌തിയും ജനങ്ങൾക്ക് 100 ശതമാനം സംരക്ഷണവും നൽകുന്നു. മറ്റ് രാജ്യങ്ങളിൽ സ്ഥിരീകരിച്ച പുതിയ വകഭേദത്തെ നിരീക്ഷിക്കുകയാണ്. എ.വൈ 1 എന്നറിയപ്പെടുന്ന പുതിയ ഡെൽറ്റ+ വേരിയൻ്റിനെക്കുറിച്ച് നിലവിൽ ആശങ്കളുണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ പഠനം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അനഫിലാക്‌സിസ് മരണം
അതേസമയം വാക്‌സിനേഷനെ തുടർന്ന് ഒരാൾ മരിച്ച സംഭവം നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്‌സിനേഷനെ തുടർന്ന് അനഫിലാക്‌സിസ് മൂലമുണ്ടായ ആദ്യ മരണം സ്ഥിരീകരിച്ചത് കൊവിഡ് വാക്‌സിന്‍റെ പാർശ്വഫലങ്ങൾ പഠിക്കുന്ന പാനലാണ്. വാക്‌സിനേഷനെ തുടർന്നുണ്ടായ 31 ഗുരുതര പ്രതികൂല സംഭവങ്ങളുടെ വിലയിരുത്തലാണ് പാനൽ നടത്തിയത്. 68 വയസുകാരനാണ് അനഫിലാക്‌സിസ് ബാധിച്ച് മരിച്ചത്. മാർച്ച് എട്ടിനായിരുന്നു ഇയാൾ വാക്‌സിൻ സ്വീകരിച്ചത്.
ഏറ്റവും കൂടുതൽ രോഗം ബാധിച്ചവർ
ഇതുവരെ 26.05 കോടി കൊവിഡ് പ്രതിരോധ കുത്തിവയ്‌പുകൾ രാജ്യത്ത് നടത്തി. നിലവിൽ ഇന്ത്യയിൽ കൊവിഡ് നിരക്ക് കുറയുന്നതായാണ് പഠനം. ഇന്ത്യയിലെ ചില പ്രദേശത്ത് മാത്രമാണ് ദിവസേന നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും ആരോഗ്യ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
ഒന്ന് മുതൽ 10 വയസിനിടയിലുള്ള 3.05 ശതമാനം കുട്ടികളെയും 11-20 വയസിനിടയിലുള്ള 8.57 ശതമാനം കുട്ടികളെയും കൊവിഡ് ബാധിച്ചു. 21-60 വയസിനിടയിലുള്ളവരെയാണ് രോഗം വലിയ തോതിൽ ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.