ന്യൂഡല്‍ഹി : അമേരിക്കന്‍ ബുള്‍ഡോഗിന്‍റെ ആക്രമണത്തില്‍ ഏഴ് വയസുകാരിക്ക് ഗുരുതര പരിക്ക്. ശരീരത്തില്‍ പതിനഞ്ച് മുറിവുകളാണ് കുട്ടിക്ക് ഏറ്റത്. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം (Bull dog attacks 7year old girl). അയല്‍വാസിയുടെ നായയാണ് കുഞ്ഞിനെ ആക്രമിച്ചത്. ഹൗസിംഗ് സൊസൈറ്റിയില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന കുഞ്ഞിനെ നായ ആക്രമിക്കുകയായിരുന്നു. ഈ മാസം 9നാണ് സംഭവം.
ആളുകള്‍ ഓടിക്കൂടി നായയെ അകറ്റുകയായിരുന്നു. കുട്ടിയുടെ കൈയിലും കാലിലും ചെവിയിലും കണ്ണിലും മറ്റുമാണ് മുറിവേറ്റിട്ടുള്ളതെന്ന് പിതാവ് പറഞ്ഞു. ശ്രീകാന്ത് ഭഗത് എന്നയാളുടെ മകളാണ് നായയുടെ ആക്രമണത്തിന് ഇരയായത്. കുട്ടി നായയോട് ചെറുത്തുനിന്നിരുന്നു. അവളുടെ കരച്ചില്‍ കേട്ടാണ് തങ്ങള്‍ ഓടിയെത്തിയതെന്നും പിതാവ് വ്യക്തമാക്കി.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാനും ജീവന്‍ രക്ഷിക്കാനുമായി. പക്ഷേ കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. മൂന്ന് ദിവസമായി കുഞ്ഞിന് ഉറങ്ങാനായിട്ടില്ല. നായയുടെ ഉടമയ്‌ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുഖര്‍ജി നഗറില്‍ പരിശീലന സ്ഥാപനം നടത്തുന്ന ആളാണ് ഭഗത്. കുട്ടിക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഹൗസിംഗ് സൊസൈറ്റിയിലെ ആളുകള്‍ നായയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രകടനം നടത്തി.
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ അപകടത്തിലാണ്, തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കൂ, തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ഇവര്‍ പ്രകടനത്തില്‍ അണിചേര്‍ന്നത്. തങ്ങള്‍ നായകളെ പരിപാലിക്കുന്നതിന് എതിരല്ലെന്നും എന്നാല്‍ ഇത്തരം ജീവികള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.