ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്തിലുണ്ടായിരുന്ന സഹയാത്രികന് മേൽ മൂത്രമൊഴിച്ച ഇന്ത്യൻ വിദ്യാർഥിക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്കൻ എയർലൈൻസ്. 21കാരനായ ഇന്ത്യൻ വിദ്യാർഥി ആര്യ വോറയ്‌ക്കാണ് അമേരിക്കൻ വിമാനക്കമ്പനി വിലക്കേർപ്പെടുത്തിയത്. മാർച്ച് നാലിന് ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻ (എഎ-292) വിമാനത്തിനുള്ളിൽ വച്ചാണ് ഇയാൾ യുഎസ് പൗരന്‍റെ മേൽ മൂത്രമൊഴിച്ചത്.
'ജോൺ എഫ്. കെന്നഡി ഇന്‍റർനാഷണൽ എയർ പോർട്ടിൽ നിന്ന് ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിലേക്ക് സർവീസ് നടത്തുന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 292 ൽ ഒരു ഉപഭോക്‌താവിന്‍റെ മോശം പ്രവർത്തിമൂലം വിമാനം ഡൽഹിയിലെത്തിയപ്പോൾ പ്രാദേശിക നിയമപാലകർക്ക് ഇടപെടേണ്ടതായി വന്നു. രാത്രി 9.50ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തു', അമേരിക്കൻ എയർലൈൻ പ്രസ്‌താവനയിലൂടെ അറിയിച്ചു.
ഭാവിയിൽ ഈ യാത്രക്കാരനെ വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ലെന്നും അമേരിക്കൻ എയർലൈൻ വ്യക്‌തമാക്കി. 'യാത്രക്കാരൻ അമിതമായി മദ്യപിച്ചിരുന്നതായും വിമാനത്തിലെ ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും പേഴ്‌സർ അറിയിച്ചു. ഓപ്പറേറ്റിങ് ക്രൂവുമായി അദ്ദേഹം ആവർത്തിച്ച് തർക്കിച്ചു. സീറ്റിൽ ഇരിക്കാൻ തയ്യാറായില്ല. ക്രൂവിന്‍റെയും വിമാനത്തിന്‍റെയും സുരക്ഷയെ തുടർച്ചയായി അപകടത്തിലാക്കി. സഹയാത്രക്കാരുടെ സുരക്ഷയെ തടസപ്പെടുത്തി. ഒടുവിൽ സീറ്റിൽ മൂത്രമൊഴിച്ചു', എയർലൈൻസ് വ്യക്‌തമാക്കി.
ലാൻഡിംഗിന് മുമ്പ് പൈലറ്റ് വിമാനത്തിൽ പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരനെ കുറിച്ച് ഡൽഹി എടിസിയെ ബന്ധപ്പെടുകയും സുരക്ഷ തേടുകയും ആവശ്യമായ നടപടി സ്വീകരിക്കാൻ സിഐഎസ്എഫിനെ അറിയിക്കുകയും ചെയ്‌തിരുന്നു. 'വിമാനം ലാൻഡ് ചെയ്‌ത ശേഷം, സിഐഎസ്എഫ് ഉദ്യോഗസ്ഥർ ആര്യ വോറയെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. എന്നാൽ ഇയാൾ സിഐഎസ്എഫിനോടും മോശമായി പെരുമാറിയതായി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.