റാഞ്ചി: ചെക്ക് മടങ്ങിയ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് - ടോളിവുഡ് നടി അമീഷ പട്ടേൽ Ameesha Patel ശനിയാഴ്‌ച റാഞ്ചി സിവിൽ കോടതിയിൽ Ranchi Civil Court കീഴടങ്ങി. അതേസമയം കീഴടങ്ങിയതിന് പിന്നാലെ നടിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
നടിയോട് ജൂൺ 21ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2018ൽ റാഞ്ചിയിലെ ഹർമു ഗ്രൗണ്ടില്‍ വച്ച് നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ അമീഷ എത്തിയതോടെയാണ് കേസിന് തുടക്കം കുറിച്ചത്. ഇവിടെ വച്ച് അമീഷ, വ്യവസായി അജയ് കുമാർ സിങിനെ കണ്ടുമുട്ടുകയും ഒരു സിനിമയുടെ നിര്‍മാണ ചെലവ് സംബന്ധിച്ച് ഇയാളുമായി നടി ചര്‍ച്ച ചെയ്യുകയും ചെയ്‌തിരുന്നു.
അതേസമയം അജിത് കുമാര്‍ സിങിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ലവ്‌ലി വേൾഡ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്. നടിയുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം, അജിത് കുമാര്‍ സിങ് ഒരു സിനിമയ്‌ക്കായി നിക്ഷേപം നടത്തുകയും എന്നാൽ ആ സിനിമ വെളിച്ചം കാണാതെ പോവുകയും ചെയ്‌തു. തുടര്‍ന്ന് തന്‍റെ പണം തിരികെ നല്‍കണമെന്ന് അമീഷയോട് സിങ് ആവശ്യപ്പെട്ടു. അങ്ങനെ നടി, 2.50 കോടി രൂപയുടെ ചെക്ക് നിര്‍മാതാവ് അജിത് കുമാര്‍ സിങിന് തിരിച്ചു നല്‍കിയെങ്കിലും, ഇതില്‍ പണമില്ലാത്തതിനാല്‍ ചെക്ക് ബൗണ്‍സ് ആയി.
Also Read:വിശ്വാസവഞ്ചന കേസ്; അമീഷ പട്ടേലിനെതിരായ നടപടിയിൽ സുപ്രീം കോടതി സ്‌റ്റേ
ഇതാദ്യമായല്ല അമീഷ പട്ടേല്‍ ചെക്ക് മടങ്ങിയ കേസില്‍ പ്രതിസ്ഥാനത്തെത്തുന്നത്. ഇതിന് സമാനമായ സംഭവം 2021ലും നടന്നു. 2021 നവംബറിൽ യുടിഎഫ് ടെലിഫിലിംസിന് അമീഷ നല്‍കിയ 32.25 ലക്ഷം രൂപയുടെ ചെക്കും മടങ്ങിയിരുന്നു. ഇതോടെ അമീഷ പട്ടേല്‍ എന്ന പേര് വാര്‍ത്ത തലക്കെട്ടുകളില്‍ ഇടം പിടിച്ചു.