അമരാവതി: കൊവിഡ് രോഗിയുടെ മൃതദേഹം വഴിയിൽ ഉപേക്ഷിച്ചതിന് സർക്കാർ ആംബുലൻസ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. ചൊവ്വാഴ്ച കൃഷ്ണ ജില്ലയിലെ മുനുകുല്ല സ്വദേശിയായ ഷെയ്ക്ക് സുഭാനി (40)യുടെ മൃതദേഹമാണ് റോഡരികകിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കൊവിഡ് രോഗിയുടെ മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു; ആംബുലൻസ് ഡ്രൈവർക്ക് സസ്‌പെൻഷൻ
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് അന്തിമ ചടങ്ങുകൾക്കുള്ള ക്രമീകരണങ്ങൾ ചെയ്തത്.
കടുത്ത പനിയെ തുടർന്ന് ചൊവ്വാഴ്ചയാണ് ഇയാൾ രാജുഗുഡെം സർക്കാർ ആശുപത്രിയിൽ എത്തിയത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് സുഭാനിയെ ആംബുലൻസിൽ തിരുവൂരിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുഭാനി മരിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഇതേതുടർന്ന് മൃതദേഹം ആംബുലൻസിൽ ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. സാമ്പത്തിക സ്ഥിതി കാരണം മൃതദേഹം ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്ത് ഉപേക്ഷിക്കാൻ ഇയാളുടെ ഭാര്യ നിർദേശിക്കുകയായിരുന്നു. ഇതുപ്രകാരം ആംബുലൻസ് ഡ്രൈവർ മൃതദേഹം ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്ത് ഉപേക്ഷിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് അന്തിമ ചടങ്ങുകൾക്കുള്ള ക്രമീകരണങ്ങൾ ചെയ്തത്.
അതേസമയം, ആംബുലൻസ് ഡ്രൈവർ സ്വീകരിച്ച നടപടിക്കെതിരെ ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് രംഗത്തെത്തി. ഇയാളെ സസ്പെൻഡ് ചെയ്യുന്നതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.