ഹൈദരാബാദ്: ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ. ബി ആര്‍ അംബോദ്‌കറുടെ 132-ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്‍റെ ഹൈദരാബാദിലെ പ്രതിമ തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ അനാച്ഛാദനം ചെയ്യും. ഹൈദരാബാദിലെ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് മുമ്പിലാണ് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പ്രതിമക്കൊപ്പം ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന സെക്രട്ടേറിയറ്റ് സമുച്ചയത്തിനും അംബേദ്‌കറുടെ പേരാണ് നല്‍കിയിരിക്കുന്നത്.
ഹെലികോപ്‌റ്ററിലെത്തി അംബേദ്‌കറുടെ പ്രതിമയ്‌ക്ക് മുകളില്‍ പുഷ്‌പദളങ്ങള്‍ വര്‍ഷിച്ചായിരിക്കും മുഖ്യമന്ത്രി അനാച്ഛാദനം നടത്തുക. ചടങ്ങിൽ മുഖ്യാതിഥിയായി അംബേദ്‌കറുടെ ചെറുമകൻ പ്രകാശ് അംബേദ്‌കറെ ക്ഷണിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. അംബേദ്‌കറുടെ പ്രതിമയുടെ ഉദ്‌ഘാടനം, പുതിയ സെക്രട്ടേറിയറ്റ് കെട്ടിട സമുച്ചയം തുറക്കല്‍ എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും മറ്റ് മന്ത്രിമാരും ചര്‍ച്ച നടത്തിയിരുന്നു.
അനാച്ഛാദനം തെലങ്കാന ആഘോഷമാക്കണമെന്ന് കെസിആര്‍:ഇന്ത്യയിലെ ഏറ്റവും വലിയ അംബേദ്‌കറുടെ ഈ പ്രതിമ ജനങ്ങള്‍ക്കും സംസ്ഥാനത്തെ ഭരണക്കൂടത്തിനും കൂടുതല്‍ പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി കെസിആര്‍ പറഞ്ഞു. അംബേദ്‌കർ പ്രതിമയുടെ അനാച്ഛാദന ചടങ്ങ് വിപുലമായി നടത്തണമെന്നും തെലങ്കാനയിലെ മുഴുവൻ ജനങ്ങളും ഈ ചടങ്ങ് വലിയ രീതിയിൽ ആഘോഷമാക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും വ്യക്തമാക്കിയിരുന്നു. അംബേദ്‌കറുടെ പ്രതിമ സ്ഥാപിക്കാന്‍ കെസിആര്‍ തീരുമാനം എടുത്തതിന് ശേഷം വിവിധ നടപടി ക്രമങ്ങളിലൂടെ രണ്ട് വര്‍ഷമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ശില്‍പിയെ പ്രശംസിച്ച് കെസിആര്‍: 98കാരനായ രാം വന്‌ജി സുതാര്‍ എന്ന ശില്‍പിയാണ് പ്രതിമ നിര്‍മിച്ചത്. പ്രതിമ നിര്‍മിക്കുന്നതിനായി വലിയ പരിശ്രമം നടത്തിയ സുതാറിനെ മുഖ്യമന്ത്രി കെസിആര്‍ അഭിനന്ദിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ അംബേദ്‌കര്‍ പ്രതിമ:തെലങ്കാന രക്തസാക്ഷി മണ്ഡപത്തിന് സമീപത്താണ് അംബേദ്‌കറുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഹുസൈന്‍ സാഗറിലെ ബുദ്ധ പ്രതിമയ്‌ക്ക് അഭിമുഖമായി നിര്‍മിച്ചിരിക്കുന്ന ഈ പ്രതിമയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അംബേദ്‌കര്‍ പ്രതിമ. 45.5 അടി വീതിയും 465 ടണ്‍ ഭാരവുമുള്ള പ്രതിമ നിര്‍മിക്കാന്‍ 146 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. പിച്ചളയും ഉരുക്കും ഉപയോഗിച്ചാണ് പ്രതിമയുടെ നിര്‍മാണം. രാജ്യത്തെ തന്നെ ഏറ്റവും വലിയ അംബേദ്‌കര്‍ പ്രതിമയാണ് ഇതെന്ന് ഭാരത് രാഷ്‌ട്ര സമിതി (ബിആര്‍എസ്) അറിയിച്ചു.