കേരളം

kerala

ETV Bharat / bharat

'ഗാന്ധിയുടെ വധത്തില്‍ സവര്‍ക്കര്‍ക്ക് പങ്കില്ല, സത്യം തെളിയിക്കാന്‍ സഹായിച്ചത് അംബേദ്‌കര്‍'; അവകാശവാദവുമായി കേന്ദ്ര നിയമ മന്ത്രി - mahatma gandhi assassination

1948 ജനുവരി 30നാണ് രാഷ്‌ട്ര പിതാവ് മഹാത്മാഗാന്ധിയെ നാഥുറാം വിനായക്‌ ഗോഡ്‌സെ കൊലപ്പെടുത്തിയത്. ഈ സംഭവത്തിന്‍റെ 75ാം വര്‍ഷത്തിലാണ് കേന്ദ്ര മന്ത്രിയുടെ അവകാശവാദം

Gandhi assassination Union Minister  ഗാന്ധിയുടെ വധത്തില്‍ സവര്‍ക്കര്‍ക്ക് പങ്കില്ല  അവകശാവാദവുമായി കേന്ദ്ര നിയമമന്ത്രി
കേന്ദ്ര നിയമമന്ത്രി

By

Published : Jun 3, 2023, 6:11 PM IST

Updated : Jun 3, 2023, 7:13 PM IST

ന്യൂഡൽഹി:മഹാത്മാഗാന്ധിയുടെ വധത്തിന് പിന്നില്‍ 'ഹിന്ദുത്വ' സൈദ്ധാന്തികന്‍ വിഡി സവർക്കര്‍ക്ക് പങ്കില്ലെന്ന അവകാശവാദവുമായി കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാള്‍. ഗാന്ധിയെ കൊലപ്പെടുത്തിയതില്‍ മുഖ്യ സൂത്രധാരന്‍ സവർക്കറാണെന്നാണ് പതിറ്റാണ്ടുകളായി ചിലർ കരുതുന്നത്. എന്നാൽ, വാസ്‌തവത്തില്‍ അദ്ദേഹത്തിന് ഇതിൽ പങ്കില്ലെന്നും കേന്ദ്ര നിയമ മന്ത്രി വാദമുയര്‍ത്തി.

അംബേദ്‌കറുടെ സഹായം കൊണ്ടാണ് സവർക്കർ ഗാന്ധിജിയെ കൊന്നിട്ടില്ലെന്ന സത്യം പുറത്തുവന്നതെന്നും മന്ത്രി അവകാശപ്പെട്ടു. ജൂണ്‍ രണ്ടിന് ഡല്‍ഹി പബ്ലിക് ലൈബ്രറിയിൽ 'അമൃത് കാൽ മഹോത്സവ്' എന്ന പേരില്‍ നടന്ന 'വീർ സവർക്കർ ജയന്തി' ഉദ്‌ഘാടനത്തിലാണ് നിയമ മന്ത്രിയുടെ പരാമര്‍ശം. സവർക്കറെ മനപൂർവം അപകീർത്തിപ്പെടുത്തി രാഷ്‌ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന് കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് മന്ത്രി പറഞ്ഞു.

'ഗാന്ധി വധമുണ്ടായ സമയത്ത് അന്തരീക്ഷം അങ്ങേയറ്റം പിരിമുറുക്കത്തിലായിരുന്നു. സവർക്കർ ഈ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് തന്‍റെ ജീവിതം ബലിയർപ്പിച്ചത്. ബ്രിട്ടീഷുകാർ അദ്ദേഹത്തെ ഒരു ദശാബ്‌ദക്കാലം തടവിൽ പാർപ്പിച്ചു. സവര്‍ക്കര്‍ തടവില്‍ കഴിഞ്ഞ ആ ജയിൽ മുറിയിലേക്ക് നോക്കുമ്പോൾ അദ്ദേഹത്തിന്‍റെ ത്യാഗത്തെക്കുറിച്ചും ധീരതയെക്കുറിച്ചുമെല്ലാം നമുക്ക് വ്യക്തമാവും' - കേന്ദ്ര മന്ത്രി വിശദമാക്കി.

'ജീവനുവേണ്ടി കേണപേക്ഷിച്ചതിന് ഭീരുവാക്കി':'കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മരണശേഷം അദ്ദേഹത്തിന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടിവന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തന്‍റെ ജീവനുവേണ്ടി കേണപേക്ഷിച്ചതിന് ആളുകൾ അദ്ദേഹത്തെ ഭീരു എന്നാണ് വിളിച്ചത്. ഡോ. ബിആർ അംബേദ്‌കറുടെ സഹായം കൊണ്ടാണ് സത്യം പുറത്തുവന്നത്. ഗാന്ധി വധത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന എഫ്‌ഐആറിൽ സവർക്കറുടെ പേര് ചേർക്കുകയായിരുന്നു.

'ഡോ. അംബേദ്‌കർ ഒരു ദിവസം സവര്‍ക്കറിന്‍റെ വക്കീലിനെ വിളിപ്പിക്കുകയും കുറച്ച് കുറിപ്പുകൾ നല്‍കുകയും ചെയ്‌തു. ഈ കുറിപ്പുകൾ ഉപയോഗിച്ച് കേസ് നേരിടാൻ പ്രേരിപ്പിച്ചു. അതിന്‍റെ ഫലമായാണ് ഗാന്ധി വധത്തിന് ഒരു വർഷത്തിനുശേഷം കോടതി സവർക്കറിന് പങ്കില്ലെന്ന് നിരീക്ഷിച്ചത്. എന്നാൽ ആരും ഇതേക്കുറിച്ച് സംസാരിക്കുന്നില്ല'- അദ്ദേഹം വ്യക്തമാക്കി. മഹാത്മാഗാന്ധിയെ വധിക്കാനുള്ള തോക്ക് നല്‍കാന്‍ നാഥുറാം ഗോഡ്‌സെയെ സവർക്കർ സഹായിച്ചുവെന്ന എല്ലാ വാദങ്ങളും മന്ത്രി പാടെ തള്ളിക്കളഞ്ഞു.

'ഞാന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ്':പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യനാക്കിയതിന്‍റെ രണ്ടാംദിനം ബിജെപി രൂക്ഷമായി കടന്നാക്രമിച്ചത് വിഡി സവര്‍ക്കറെ കുറിച്ച് പരാമര്‍ശിച്ചായിരുന്നു. മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും ഗാന്ധിയാണെന്നും ഓര്‍മിപ്പിച്ചായിരുന്നു വാർത്താസമ്മേളനത്തില്‍ രാഹുലിന്‍റെ വിമര്‍ശനം. ലണ്ടനില്‍വച്ച് നടത്തിയ പരാമര്‍ശത്തിനും അപകീര്‍ത്തികരമായ പ്രസ്‌താവനക്കെതിരെയുള്ള വിചാരണക്കിടെയും എന്തുകൊണ്ട് മാപ്പ് പറഞ്ഞില്ല എന്ന ബിജെപിയുടെ ചോദ്യത്തിനും രാഹുല്‍ പ്രതികരിച്ചു. തന്‍റെ പേര് സവര്‍ക്കര്‍ എന്നല്ല. താന്‍ ഗാന്ധിയാണ്. താന്‍ മാപ്പ് പറയില്ല എന്നായിരുന്നു രാഹുലിന്‍റെ മറുപടി.

സത്യത്തിന് വേണ്ടി പോരാടുകയും രാജ്യത്തിന്‍റെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കുകയും ചെയ്യുക എന്ന ഒറ്റ ചുവട് മാത്രമാണ് തനിക്കുള്ളത്. എന്ത് തടസങ്ങൾ വന്നാലും അത് താന്‍ തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി. വിദേശത്തുവച്ച് നടത്തിയ ആശയവിനിമയത്തിലൂടെ രാജ്യത്തെ അപകീർത്തിപ്പെടുത്തി, ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ തേടിയെന്നുമുള്ള ബിജെപി വിമര്‍ശനത്തെയും അദ്ദേഹം പ്രതിരോധിച്ചു.

Last Updated : Jun 3, 2023, 7:13 PM IST

ABOUT THE AUTHOR

...view details