അനന്ത്‌നാഗ് : അമർനാഥ് (Amarnath) യാത്രയ്ക്കിടെ ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ (Anantnag) കല്ലുകൾ അടർന്ന് വീണ് 53കാരി മരിച്ചു. ഇന്നലെയാണ് സംഭവം. ലക്ഷ്‌മി നാരായണന്‍റെ മകൾ ഊർമിളാബെൻ ആണ് മരിച്ചത്.
സംഗം ടോപ്പിനും (Sangam Top) ലോവർ ഗുഹയ്ക്കും (Lower Cave) ഇടയിൽ വച്ച് കല്ലുകൾ അടർന്നുവീണപ്പോൾ ഊർമിള അവിടെ കുടുങ്ങുകയായിരുന്നു. തുടർന്ന് ഇവരുടെ മേലേക്കും കല്ലുകൾ വന്നുവീണു. ജമ്മു കശ്‌മീർ പൊലീസിന്‍റെ മൗണ്ടൻ റെസ്‌ക്യൂ ടീമിലെ (J and K Police Mountain Rescue Team) രണ്ട് അംഗങ്ങൾ യാത്രികയെ രക്ഷിക്കാൻ ശ്രമിച്ചു. ഇതിനിടെ ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരിക്കേറ്റു.
ജെ കെ മൗണ്ടൻ റെസ്‌ക്യൂ ടീമിലെ അംഗങ്ങളായ മുഹമ്മദ് സലേം (Mohammed Salem), മുഹമ്മദ് യാസീൻ (Mohammed Yaseen) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. സംഗം ടോപ്പിനും ലോവർ ഗുഹയ്ക്കും ഇടയിൽ വിശുദ്ധ ഗുഹയിലേക്ക് ട്രക്കിങ് നടത്തുന്നതിനിടെയാണ് സംഭവമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ദുഷ്‌കരവും കഠിനവുമായ ഭൂപ്രദേശത്തിന് പേരുകേട്ടതാണ്, കല്ലുകൾ ഇടിഞ്ഞുവീണ ഈ സ്ഥലം. ഇവര്‍ക്ക് ഉടൻ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തീർഥാടകയുടെ മരണത്തിൽ ഡിജിപി ദിൽബാഗ് സിംഗ് (Director General of Police Dilbagh Singh ) അനുശോചനം രേഖപ്പെടുത്തി.
ജൂലൈ ഒന്നിന് (July 01) ആരംഭിച്ച വാർഷിക അമർനാഥ് യാത്രയുടെ ഭാഗമായി ഇന്നലെ 21,400 തീർഥാടകരാണ് വിശുദ്ധ ഗുഹയിൽ പ്രാർഥന നടത്തിയത്. കല്ലുകള്‍ ഇടിഞ്ഞുവീണതിന് പിന്നാലെ ഇവിടെയുണ്ടായിരുന്ന മുഴുവനാളുകളെയും സുരക്ഷ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു.