ന്യൂഡൽഹി: അമർനാഥ് യാത്രയ്ക്ക് നേരെ ഭീകരാക്രമണ സാധ്യതയെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ. അമർനാഥ് തീർഥാടനം അട്ടിമറിക്കാൻ ഐഎസ്ഐ പദ്ധതിയിടുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ 30നാണ് ഈ വർഷത്തെ തീർഥാടനം ആരംഭിക്കുന്നത്.
അമർനാഥ് യാത്ര അട്ടിമറിക്കാൻ പാകിസ്ഥാൻ ഭീകര സംഘടനകൾ സ്വീകരിക്കുന്ന ആറ് മാർഗങ്ങൾ ഐബി ചൂണ്ടിക്കാട്ടുന്നു. സ്റ്റിക്കി ബോംബുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ അമർനാഥ് യാത്രയ്ക്ക് നേരെ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇടിവി ഭാരതിന് ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടതും സുരക്ഷ ഏജൻസികൾക്ക് അറിയാത്തതുമായ തീവ്രവാദികളാണ് ആക്രമണം നടത്താൻ സാധ്യത.
തീർഥയാത്ര ആരംഭിക്കുന്നതിന് മുൻപുതന്നെ ലവേപോര ബൈപാസ് ദേശീയപാത 44, നർബൽ ബ്രിഡ്‌ജ് (ദേശീയപാത 44 ഗുൽമാർഗിലേക്ക് വിഭജിക്കുന്ന റോഡ്) എന്നിവിടങ്ങളിൽ വച്ച് സിആർപിഎഫ്, ജമ്മു കശ്‌മീർ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്താനാണ് ലഷ്‌കറെ ത്വയ്യിബയുടെ പദ്ധതിയെന്ന് റിപ്പോർട്ടിൽ പറയുന്നു. തീർഥാടകർക്കിടയിൽ ഭയം ജനിപ്പിക്കുകയും ആത്മവിശ്വാസം ഇല്ലാതാക്കുകയുമാണ് ലക്ഷ്യം.
അമർനാഥ് യാത്ര റൂട്ടായ ഗന്ദർബാൽ-ബാൾട്ടൽ റൂട്ടിൽ നിന്നും ലഷ്‌കറെ ത്വയിബ പിൻവാങ്ങിയതായും വുസ്സാൻ, പിഎസ് ഗന്ദർബാൽ, കങ്കൺ മാർക്കറ്റ് എന്നിവിടങ്ങളിൽ ഗ്രനേഡ് ആക്രമണം നടത്താൻ പദ്ധതിയിടുന്നതായും ലഭ്യമായ വിവരങ്ങൾ പറയുന്നു. യാത്രക്കിടയിലോ അതിനുമുൻപോ പാന്ത ചൗക്കിനും പരിംപോറയ്‌ക്കും ഇടയ്ക്ക് തീർഥാടകർക്കും പ്രദേശവാസികൾക്കും നേരെ ആക്രമണം നടത്താൻ രണ്ട് തീവ്രവാദി സംഘങ്ങൾ പദ്ധതിയിടുന്നതായി ഐബി റിപ്പോർട്ട് പറയുന്നു.
സുംബൽ-ഹാജിൻ മേഖലയിലോ കംഗൻ പ്രദേശത്തോ യാത്രയ്ക്കിടെ ആക്രമണം നടത്താനാണ് ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നത്. പരിശോധനകൾ നടത്താനായി ബന്ദിപൂർ ജില്ലയിലെ അജാസിൽ നിന്നും തീവ്രവാദികളുടെ ഒരു സംഘം ഗന്ധർബാൽ ജില്ലയിലെ ചതർഗുൽ-അന്ദർവാനിലേക്ക് തിരിച്ചയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ശ്രീനഗർ സെൻട്രൽ ജയിലിൽ തടവിലാക്കപ്പെട്ട് 2016ൽ പാകിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ട ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി വസീം നൂർ ആണ് പദ്ധതിക്ക് പിന്നിലെന്നാണ് സൂചന. ഭീകരവാദികളായ ലത്തീഫ് അഹമ്മദ് റാത്തർ, ആദിൽ പാരി എന്നിവരെ ഉപയോഗിച്ച് ആക്രമണം നടത്താനാണ് ലഷ്‌കറെ ത്വയിബയുടെ പദ്ധതി.
പാകിസ്ഥാൻ ഭീകരസംഘടനകൾ തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ അമർനാഥ് യാത്രയ്ക്ക് നേരെ ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് ഇന്‍റലിജൻസ് ബ്യൂറോ പറയുന്നു. ജാഗ്രത നിർദേശത്തെ തുടർന്ന് തീവ്രവാദ സംഘടനകളുടെ അട്ടിമറി ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിനായി ജാഗ്രത ശക്തമാക്കാൻ ആഭ്യന്തര മന്ത്രാലയം എല്ലാ സുരക്ഷ ഏജൻസികളോടും അർദ്ധസൈനിക സേനകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.