ന്യൂഡൽഹി : സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ക്യാപ്റ്റൻ അമരീന്ദർ സിങ് ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെത്തും. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് അഭ്യൂഹമുണ്ട്.
ബി.ജെ.പിയില്‍ ചേരാനാണ് അദ്ദേഹത്തിന്‍റെ നീക്കമെന്നാണ് അനൗദ്യോഗിക വിവരം. അതേസമയം അമരീന്ദറിന്‍റേത് സ്വകാര്യ സന്ദര്‍ശനം മാത്രമാണെന്നും കോണ്‍ഗ്രസ് വിടുമെന്നത് അടിസ്ഥാനരഹിതമാണെന്നും വിശദീകരിച്ച് അദ്ദേഹത്തിന്‍റെ മാധ്യമ ഉപദേഷ്ടാവ് രംഗത്തെത്തിയിട്ടുമുണ്ട്.
ALSO READ:ടൂറിസം അവാര്‍ഡുകള്‍ വിതരണം ചെയ്തു; റാമോജി ഫിലിം സിറ്റിക്ക് രണ്ട് അവാര്‍ഡുകള്‍
കോണ്‍ഗ്രസ് അടിയന്തര നിയമസഭാകക്ഷി യോഗത്തിന് ശേഷം സെപ്റ്റംബർ 18 നാണ് അമരീന്ദർ സിങ് രാജിവച്ചത്. പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവുമായുള്ള കടുത്ത പോരിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.
സിദ്ദു മുഖ്യമന്ത്രിയായാല്‍ എതിര്‍ക്കുമെന്ന് അമരീന്ദര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആ സ്ഥാനത്തേക്ക് സുഖ്‌ജിന്ദർ സിങ് രണ്‍ധാവയുടെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍, നവജ്യോത് സിങ് സിദ്ദുവിന്‍റെ ചരടുവലിയില്‍ ചരണ്‍ജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം.