ന്യൂഡൽഹി:ക്യാപ്റ്റൻ അമരീന്ദർ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. ഡൽഹിയിലെ ഷായുടെ വസതിയിലെത്തിയാണ് കണ്ടത്. പദവിയൊഴിഞ്ഞ പഞ്ചാബ് മുന്‍മുഖ്യമന്ത്രി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു കൂടിക്കാഴ്‌ച.
വൈകിട്ടോടെ അമിത് ഷായുടെ വസന്തിയിലെത്തിയ അമരീന്ദർ ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ചാണ് മടങ്ങിയത്. അതേസമയം ഇരുവരും മാധ്യമങ്ങളോട് ഇതുസംബന്ധിച്ച് പ്രതികരിച്ചില്ല.
കോണ്‍ഗ്രസ് അടിയന്തര നിയമസഭാകക്ഷി യോഗത്തിന് ശേഷം സെപ്റ്റംബർ 18 നാണ് അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവുമായുള്ള കടുത്ത പോരിനെ തുടർന്ന് രാജിവയ്ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.
സിദ്ദു മുഖ്യമന്ത്രിയായാല്‍ എതിര്‍ക്കുമെന്ന് അമരീന്ദര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആ സ്ഥാനത്തേക്ക് സുഖ്‌ജിന്ദർ സിങ് രണ്‍ധാവയുടെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍, നവജ്യോത് സിങ് സിദ്ദുവിന്‍റെ ചരടുവലിയില്‍ ചരണ്‍ജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം.
അതിനിടെ ചൊവ്വാഴ്‌ച പിസിസി അധ്യക്ഷസ്ഥാനം രാജിവച്ച് സിദ്ദു അടുത്ത വെടി പൊട്ടിക്കുകയും ചെയ്‌തു. പിന്നാലെ 2 മന്ത്രിമാരുള്‍പ്പെടെ 4 പ്രമുഖ നേതാക്കള്‍ അദ്ദേഹത്തിന് പിന്‍തുണ പ്രഖ്യാപിച്ച് പദവിയൊഴിഞ്ഞു.
ഈ പ്രതിസന്ധിക്കിടെയാണ് അമരീന്ദറിന്‍റെ രാഷ്ട്രീയ നീക്കം. സിദ്ദുവിന്‍റെ രാജി ഹൈക്കമാന്‍ഡ് ഇതുവരെ സ്വീകരിച്ചിട്ടില്ല. രാജി പിന്‍വലിക്കാന്‍ സിദ്ദുവിന് ഹൈക്കമാന്‍ഡ് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഒരു ദിവസത്തെ സമയമാണ് അനുവദിച്ചത്.