റായ്‌പൂർ (ഛത്തീസ്‌ഗഡ്):ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തിൽ, രാജ്യസ്‌നേഹത്തിന്‍റെ ചൈതന്യം ഉണർത്തുന്ന ഛത്തീസ്‌ഗഡിലെ ഒരു പെട്രോൾ പമ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. റായ്‌പൂർ-ബിലാസ്‌പൂർ ദേശീയ പാതയിൽ ധർസിവ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അമർ ജവാൻ ഫ്യുവൽസാണ് മാതൃകാപരമായ പ്രവൃത്തികളിലൂടെ ജനശ്രദ്ധ നേടുന്നത്. പെട്രോൾ പമ്പിൽ നിന്ന് ലഭിക്കുന്ന വരുമാനം വീരമൃത്യു വരിച്ച പട്ടാളക്കാരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായാണ് ഉപയോഗിക്കുന്നത്.
പെട്രോൾ പമ്പിന്‍റെ വരുമാനത്തിൽ നിന്ന് ഒരു രൂപ പോലും മറ്റാവശ്യത്തിനായി ചെലവഴിക്കുന്നില്ല. പെട്രോൾ പമ്പിൽ നിന്നുള്ള വരുമാനം വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമൊക്കെയായാണ് ഉപയോഗിക്കുന്നതെന്ന് അമർ ജവാൻ ഫ്യുവൽസ് ഡയറക്‌ടർ ഹരീഷ് ഭായ് ജോഷി പറഞ്ഞു. നമ്മുടെ രാജ്യത്ത സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ധീര സൈനികരുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. രാജ്യത്തെ ഓരോ പൗരനും അവരെ പിന്തുണയ്‌ക്കണമെന്നും ജോഷി കൂട്ടിച്ചേർത്തു.