ന്യൂഡൽഹി: മാധ്യമ പ്രവർത്തകനും ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്‍റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അഞ്ച് ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്. യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ നടപടി.
ഹിന്ദു സന്യാസിമാർക്കെതിരായ ട്വീറ്റിന്‍റെ പേരിലാണ് യുപി പൊലീസ് എടുത്ത കേസ് എടുത്തത്. മുഹമ്മദ് സുബൈറിന്‍റെ ജീവന് ഭീഷണി ഉണ്ടെന്ന് അഭിഭാഷകൻ കോളിൻ ഗോൾസാൽവസ് സുപ്രീംകോടതിയെ അറിയിച്ചു.ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അത് നിരസിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയിരിക്കുമ്പോൾ ഇടപെടുന്നത് അകാലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചത്.