ന്യൂഡൽഹി:മാധ്യമ പ്രവർത്തകനും ഫാക്‌റ്റ് ചെക്കിങ് വെബ്സൈറ്റായ ആൾട്ട് ന്യൂസിന്‍റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനെ റിമാൻഡ് ചെയ്‌തു. ഒരു ദിവസത്തേക്കാണ് ഡൽഹി കോടതി സുബൈറിനെ റിമാൻഡ് ചെയ്‌തത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഇന്നലെയാണ് (27.06.2022) ഡൽഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്‌തത്.
തുടർന്ന് സുബൈറിന്‍റെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും അത് കോടതി നിരസിച്ചു. ചോദ്യം ചെയ്യലുമായി സുബൈർ സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 2018ലെ ട്വീറ്റുമായി ബന്ധപ്പെട്ട് ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. "2014-ന് മുമ്പ്: ഹണിമൂൺ ഹോട്ടൽ. 2014-ന് ശേഷം: ഹനുമാൻ ഹോട്ടൽ" എന്നായിരുന്നു സുബൈറിന്‍റെ ട്വിറ്റർ പോസ്റ്റ്.
മുഹമ്മദ് സുബൈറിനെതിരെ 153 എ, 295 എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ഡല്‍ഹി പൊലീസിന്‍റെ സൈബര്‍ ക്രൈം ഡിസിപി കെ.പി.എസ് മല്‍ഹോത്ര ഇന്നലെ വ്യക്തമാക്കിയിരുന്നു. മറ്റൊരു കേസിൽ ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയാണ് സുബൈറിനെ അറസ്റ്റ് ചെയ്‌തതെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ ട്വീറ്റ് ചെയ്‌തു. അറസ്റ്റിനെതിരെ കോടതിയില്‍ നിന്ന് പരിരക്ഷ നേടിയിരുന്നുവെന്നും എന്നാൽ പ്രത്യേകിച്ച് അറിയിപ്പൊന്നും കൂടാതെ പുതിയ കേസിൽ സുബൈറിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സിന്‍ഹ വ്യക്തമാക്കി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എഫ്‌ഐആറിന്‍റെ പകര്‍പ്പ് നല്‍കുന്നില്ലെന്നും സിന്‍ഹ പറഞ്ഞു.
Also read : ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റുചെയ്‌ത് ഡല്‍ഹി പൊലീസ്