ഹൈദരാബാദ്:തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുനും (Allu Arjun) ചലച്ചിത്ര സംവിധായകൻ ത്രിവിക്രമും (Trivikram) പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ സിനിമ ഗീത ആർട്‌സ്, ഹരിക & ഹാസിൻ ക്രിയേഷൻസ് എന്നിവയുടെ പ്രൊഡക്ഷൻ ബാനറുകളിൽ അല്ലു അരവിന്ദ്, എസ് രാധാകൃഷ്‌ണ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ത്രിവിക്രമും അല്ലു അർജുനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്.
സിനിമയുടെ നിർമാതാക്കൾ തന്നെയാണ് തങ്ങളുടെ നാലാമത്തെ ചിത്രത്തിനായി അല്ലു അർജുനും ത്രിവിക്രമും കൈകോർക്കാൻ ഒരുങ്ങുന്നതായി തിങ്കളാഴ്‌ച (ജൂലൈ 03) അറിയിച്ചത്. ഗീത ആർട്‌സ് അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പുറത്തുവിട്ട വാർത്ത ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. "ഡൈനാമിക് ജോഡി തിരിച്ചെത്തി! ഐക്കൺ സ്റ്റാർ അല്ലുഅർജുൻ & ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ത്രിവിക്രം അവരുടെ നാലാമത്തെ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു! കൂടുതൽ വിശദാംശങ്ങൾ ഉടൻ!, ഗീത ആർട്‌സ് ട്വീറ്റിൽ വ്യക്തമാക്കി.
2012ൽ പുറത്തിറങ്ങിയ 'ജൂലായ്' എന്ന ചിത്രത്തിലാണ് അല്ലു അർജുനും ത്രിവിക്രമും ആദ്യമായി ഒന്നിച്ചത്. പിന്നീട് 2015 ൽ 'S/O സത്യമൂർത്തി', 2020 ൽ 'അല വൈകുണ്‌ഠപുരംലോ" എന്നീ ചിത്രങ്ങളിലൂടെയും ഇരുവരും ഒന്നിച്ചു. ഈ കൂട്ടുകെട്ടിന്‍റെ നാലാമത്തെ ചിത്രം 'ഒരു ദൃശ്യവിസ്‌മയം' ആയിരിക്കും എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
അതേസമയം 'പുഷ്‌പ 2: ദി റൂൾ' (Pushpa 2 : The Rule) എന്ന ചിത്രത്തിന്‍റെ തിരക്കുകളിലാണ് അല്ലു അർജുൻ ഇപ്പോൾ. 2021 ൽ പുറത്തിറങ്ങിയ 'പുഷ്‌പ: ദി റൈസ്" എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് 'പുഷ്‌പ: ദി റൂൾ'. രശ്‌മിക മന്ദാന (Rashmika Mandanna) നായികയാകുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും (Fahadh Fazil) പ്രതിനായക വേഷത്തില്‍ ഉണ്ട്. ആദ്യ ഭാഗം ഒരുക്കിയ സുകുമാർ (Sukumar) തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംവിധായകൻ.
അഴിമതിക്കാരനായ ഭൻവർ സിങ് ഷെഖാവത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് സിനിമയിൽ ഫഹദ് എത്തുന്നത്. ആദ്യ ഭാഗത്ത് മുഴുനീള വേഷമായിരുന്നില്ല താരത്തിന്‍റേത്. അവസാന ഭാഗത്ത് മാസോടെ എത്തി, എല്ലാവരെയും ഭയപ്പെടുത്തിയ ഫഹദിന്‍റെ വില്ലൻ കഥാപാത്രം കയ്യടി നേടിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ കുറിച്ച് ഫഹദ് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു.
'പുഷ്‌പ 2: ദി റൂളില്‍ തന്‍റെ കഥാപാത്രത്തെ കൂടുതൽ സമയം കാണാനാകുമെന്നാണ് ഫഹദ് അറിയിച്ചത്. ഭൻവർ സിങ് എന്ന കഥാപാത്രത്തിന് രണ്ടാം ഭാഗത്ത് കൂടുതൽ പ്രാധാന്യം ഉണ്ടാകുമെന്ന് ഉറപ്പുനൽകുന്നുവെന്നാണ് ഫഹദ് ഫാസിൽ പറഞ്ഞത്. നായകനും വില്ലനും ഒരു വലിയ സംഘട്ടനത്തിലാണെന്നും ഈ പോരാട്ടം തന്നെയാണ് രണ്ടാം ഭാഗം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആക്ഷൻ പാക്ക്‌ഡ് ഗാങ്‌സ്റ്റർ ഡ്രാമയായ 'പുഷ്‌പ 2: ദി റൂള്‍' അടുത്ത വർഷം തിയേറ്ററുകളിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.
READ ALSO:Pushpa 2 : The Rule | പുഷ്‌പയെ വെല്ലുവിളിച്ച ഭൻവർ സിംഗ് ഷെഖാവത്ത് ; വില്ലനായി ഞെട്ടിക്കാൻ ഫഹദ് വീണ്ടും വരുന്നു