സാമന്ത റൂത്ത് പ്രഭുവിന്‍റെ 'ശാകുന്തളം' തിയേറ്ററുകളില്‍ എത്തിയതിന്‍റെ ആവേശത്തിലാണ് തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. ഗുണശേഖറിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിലൂടെ അല്ലു അര്‍ജുന്‍റെ ആറു വയസുകാരിയായ മകൾ അല്ലു അർഹ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ശാകുന്തളം റിലീസിനോടനുബന്ധിച്ച് ടീമിന് ആശംസകള്‍ അറിയിക്കുന്നതിനൊപ്പം മകളുടെ സിനിമ അരങ്ങേറ്റത്തിന്‍റെ സന്തോഷവും താരം ട്വിറ്ററില്‍ പങ്കുവച്ചു.
'ശാകുന്തളം റിലീസിന് എല്ലാ ആശംസകളും. ഈ ഇതിഹാസ പ്രോജക്‌ട് സമ്മാനിച്ച ഗുണശേഖറിനും നീലിമ ഗുണശേഖറിനും ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിനും എന്‍റെ ആശംസകള്‍. പ്രിയപ്പെട്ട സാമന്തയ്‌ക്ക് എന്‍റെ ഊഷ്‌മളമായ ആശംസകൾ. എന്‍റെ മല്ലു സഹോദരൻ ദേവ് മോഹനും മുഴുവൻ ടീമിനും ആശംസകള്‍' -അല്ലു അര്‍ജുന്‍ കുറിച്ചു.
മറ്റൊരു ട്വീറ്റിലാണ് അല്ലു അര്‍ജുന്‍ തന്‍റെ മകളുടെ അരങ്ങേറ്റത്തെ കുറിച്ച് പരാമര്‍ശിച്ചത്. 'അല്ലു അർഹയുടെ കാമിയോ റോള്‍ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്‌ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അവളെ സ്‌ക്രീനിൽ പരിചയപ്പെടുത്തിയതിനും അവളെ മികച്ച രീതിയിൽ പരിപാലിച്ചതിനും ഗുണ ഗാരുവിന് പ്രത്യേക നന്ദി. ഈ മധുര നിമിഷം എന്നും വിലമതിക്കുന്നതാണ്' -അല്ലു അര്‍ജുന്‍ കുറിച്ചു.
ചിത്രീകരണ വേളയില്‍ സെറ്റില്‍ ഉള്ളവരെ എല്ലാം അല്ലു അര്‍ഹ അത്‌ഭുതപ്പെടുത്തിയെന്ന് മുമ്പൊരിക്കല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാമന്ത പറഞ്ഞിരുന്നു. 'അല്ലു അര്‍ഹ ശരിക്കും ക്യൂട്ട് ആണ്. സെറ്റിൽ ഉണ്ടായിരുന്നവരെല്ലാം അവളെ കണ്ട് ഞെട്ടി. ഒന്നാമതായി, അവൾ തെലുഗു മാത്രമേ സംസാരിക്കൂ. ഇംഗ്ലീഷ് ഒരു വാക്കു പോലും പറയില്ല.
മുതിർന്നവരേക്കാൾ വളരെ നന്നായി, വളരെ ശുദ്ധമായി അവൾ തെലുഗു സംസാരിക്കും. ശരിക്കും മിടുക്കിയാണ്. അവൾ ഇതിനകം തന്നെ സൂപ്പർസ്‌റ്റാര്‍ ആയെന്നും അതിനായി അവള്‍ക്ക് അച്ഛന്‍റെ ആവശ്യമില്ലെന്നും ഞാൻ ട്വീറ്റ് ചെയ്‌തതിന് ശേഷമുള്ള ആദ്യ ദിവസം ഇപ്പോഴും ഓർക്കുന്നു. ഒരു സൂപ്പർസ്‌റ്റാര്‍ ആകാന്‍ വിധിക്കപ്പെട്ടതിനാൽ എന്തായാലും അവൾ അത് നേടുക തന്നെ ചെയ്യും' -സാമന്ത പറഞ്ഞു.
മഹാകവി കാളിദാസന്‍റെ വിഖ്യാത കൃതി 'അഭിജ്ഞാന ശാകുന്തള'ത്തെ അടിസ്ഥാനമാക്കി ഗുണശേഖര്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'ശാകുന്തളം'. ഒരു മിത്തോളജിക്കൽ റൊമാന്‍റിക് ഡ്രാമയായി ഒരുങ്ങിയ ചിത്രം മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിലായാണ് തിയേറ്ററുകളില്‍ എത്തിയത്.
ശകുന്തളായി ടൈറ്റില്‍ റോളിലാണ് സാമന്ത പ്രത്യക്ഷപ്പെട്ടത്. ദേവ് മോഹൻ ആണ് ചിത്രത്തില്‍ സാമന്തയുടെ നായകന്‍. ദുഷ്യന്ത മഹാരാജാവിന്‍റെ വേഷമാണ് ചിത്രത്തില്‍ ദേവ് മോഹന്‍ അവതരിപ്പിച്ചത്. ദുഷ്യന്ത മഹാരാജാവിന്‍റെ ഭാര്യയും, ഭരത ചക്രവർത്തിയുടെ അമ്മയുമാണ് ശകുന്തള. കാട്ടിൽ വേട്ടയാടാൻ പോകുമ്പോഴാണ് ദുഷ്യന്ത മഹാരാജാവ് ശകുന്തളയെ കണ്ടുമുട്ടുന്നത്. അവിടെ വച്ച് ഇരുവരും പ്രണയത്തിലാകുന്നതും ഗന്ധർവ സമ്പ്രദായ പ്രകാരം വിവാഹിതരാവുകയും ചെയ്യുന്നതാണ് ചിത്രത്തിന്‍റെ പശ്ചാത്തലം.
അതേസമയം 'കുഷി'യാണ് സാമന്തയുടെ മറ്റൊരു പുതിയ പ്രോജക്‌ട്. വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിലെ നായകന്‍. 'സിറ്റാഡലി'ന്‍റെ ഇന്ത്യന്‍ പതിപ്പാണ് സാമന്തയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പ്രോജക്‌ട്.
Also Read:'ഈ ലോകത്തിന് അറിയില്ല, ഒരു വര്‍ഷമായി നീ പോരാളി ആയിരുന്നുവെന്ന്' : സാമന്തയെ കുറിച്ച് വിജയ് ദേവരകൊണ്ട