ന്യൂഡല്‍ഹി: ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി സ്ഥാനമൊഴിഞ്ഞ രാം നാഥ് കോവിന്ദ് ശിഷ്‌ട കാലം ഡല്‍ഹിയിലെ ആഡംബര ബംഗ്ലാവില്‍ ചിലവഴിക്കും. 2.5 ലക്ഷം രൂപയാണ് രാഷ്ട്രപതിയായി വിരമിച്ച വ്യക്തിക്ക് പെന്‍ഷന്‍ ഇനത്തില്‍ ലഭിക്കുക. ഒരു പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, ഒരു പേഴ്‌സണൽ അസിസ്റ്റന്‍റ്, രണ്ട് പ്യൂൺ എന്നിവരടങ്ങുന്ന സെക്രട്ടേറിയൽ സ്റ്റാഫ് മുന്‍ രാഷ്‌ട്രപതിയെ സേവിക്കും.
പ്രതിവർഷം ഒരു ലക്ഷം രൂപ വരെ ഓഫിസ് ചെലവുകൾക്കും വിരമിച്ച രാഷ്‌ട്രപതിക്ക് അര്‍ഹതയുണ്ട്. രാഷ്ട്രപതിയുടെ ശമ്പളവും പെൻഷനും സംബന്ധിച്ച് 1951ല്‍ നിലവില്‍ വന്ന നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ വിരമിച്ച പ്രസിഡന്‍റിന് സൗജന്യ മെഡിക്കൽ പരിശോധനയും ചികിത്സയും ലഭിക്കും. കൂടാതെ വിമാനം, റെയിൽ തുടങ്ങിയവയില്‍ ഒരാള്‍ക്കൊപ്പം ഇന്ത്യയിലെവിടെയും ഹൈ ക്ലാസ് യാത്രയും അനുവദിക്കുന്നുണ്ട്.