പുതിയ 157 നഴ്‌സിങ് കോളജുകള്‍ ന്യൂഡല്‍ഹി: ആരോഗ്യ രംഗത്ത് നിര്‍ണായകമായ പ്രഖ്യാപനങ്ങളാണ് 2023ലെ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 157 നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. 2014 മുതല്‍ നിലവിലുള്ള മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെയാണ് പുതിയ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുക.
2047 ഓടെ സിക്കിള്‍ സെല്‍ അനീമിയ (അരിവാള്‍ രോഗം) നിര്‍മാര്‍ജനം ചെയ്യാനുള്ള ദൗത്യം നടപ്പിലാക്കാനും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമായും ആദിവാസി മേഖലകളില്‍ കാണപ്പെടുന്ന രോഗം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. മെഡിക്കല്‍ ഗവേഷണങ്ങള്‍ വിപുലമാക്കാനുള്ള പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുഴുവന്‍ ഐസിഎംആര്‍ ലാബുകളിലും പൊതു സ്വകാര്യ മെഡിക്കല്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഗവേഷണം നടത്താനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങളില്‍ പുതിയ പരിപാടികള്‍ സംഘടിപ്പിക്കാനും ബജറ്റില്‍ പദ്ധതി ഇട്ടിട്ടുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട ഐസിഎംആര്‍ ലാബുകളിലെ സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ഗവേഷണത്തിനായി ലഭ്യമാക്കും. 2022-23 ലെ കേന്ദ്ര ബജറ്റിൽ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് സർക്കാർ 86,200 കോടി രൂപ അനുവദിച്ചിരുന്നു. 2020-21 സാമ്പത്തിക വർഷത്തില്‍ ഇത് 73,932 കോടി രൂപയായിരുന്നു. ഏകദേശം 16.5 ശതമാനമാണ് അനുവദിച്ച തുകയിലുണ്ടായ വര്‍ധന.
സുസ്ഥിരമായ ആരോഗ്യ പരിരക്ഷ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനും രാജ്യത്തിന്‍റെ വർധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള പൊതുജനാരോഗ്യ പദ്ധതികളാണ് ധന വിഹിതം വര്‍ധിക്കുന്നതിന് കാരണമായത്. 2023 ബജറ്റില്‍ നിന്ന് ആരോഗ്യ മേഖല പ്രതീക്ഷിച്ചിരുന്നത് ആരോഗ്യ സംരക്ഷണത്തില്‍ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചെലവായിരുന്നു. സര്‍ക്കാര്‍ അതിന് തന്നെ ഊന്നല്‍ നല്‍കി എന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്.
ബജറ്റിനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അടുത്തിടെ സർക്കാരിന് നിർദേശങ്ങൾ നൽകിയിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്. ബജറ്റിനായി ഐഎംഎ മൊത്തം 12 നിർദേശങ്ങളാണ് സമർപ്പിച്ചിരുന്നത്.