പ്രയാഗ്‌രാജ് : ലിവ് - ഇൻ റിലേഷൻഷിപ്പിന് ( Live In Relationship) പൊലീസിൽ നിന്നും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ദമ്പതികൾ നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി (Allahabad High Court). വിവാഹിതരാകാൻ തീരുമാനിക്കാത്തിടത്തോളം അത്തരം ബന്ധങ്ങൾ യാതൊരു ആത്മാർത്ഥതയുമില്ലാതെ എതിർലിംഗത്തിലുള്ളവരോടുള്ള ആകർഷണം മാത്രമാണെന്നും ഇത്തരത്തിലുള്ള ബന്ധങ്ങൾ പലപ്പോഴും നേരംപോക്ക് മാത്രമായി മാറുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് രാഹുൽ ചതുർ വേദി, ജസ്റ്റിസ് മൊഹമ്മദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. അതേസമയം, സുപ്രീം കോടതി പല കേസുകളിലും ലിവ്-ഇൻ ബന്ധത്തെ സാധൂകരിച്ചിട്ടുണ്ടെന്നും എന്നാൽ പോലും, 20-22 വയസ് പ്രായമുള്ള രണ്ട് പേർ രണ്ട് മാസത്തെ അടുപ്പത്തിന്‍റെ പുറത്ത് ഇത്തരമൊരു തീരുമാനം എടുത്തത് ഗൗരവമായി കാണാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇവർക്ക് ഒരു ലിവ് - ഇൻ ബന്ധത്തെ ഗൗരവമായി കാണാൻ മാത്രമുള്ള പ്രായമായതായി കരുതുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പെൺകുട്ടിയും യുവാവും ഒന്നിച്ച് നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം.
ഹിന്ദു പെൺകുട്ടിയുമായി ലിവ് ഇൻ ബന്ധത്തിലായിരുന്ന മുസ്ലീം യുവാവിനെതിരെ പെൺകുട്ടിയുടെ ബന്ധു പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയെ യുവാവ് തെറ്റിദ്ധരിപ്പിക്കുകയാണെന്നായിരുന്നു ബന്ധുവിന്‍റെ ആരോപണം. എന്നാൽ, യുവാവിനെ അറസ്‌റ്റ് ചെയ്യരുതെന്നും പെൺകുട്ടിക്ക് 20 വയസിന് മുകളിൽ പ്രായമായതിനാൽ അവരുടെ ഭാവി തീരുമാനിക്കാൻ അവർക്ക് എല്ലാ അവകാശവുമുണ്ടെന്നും അതിനാലാണ് ഹർജിക്കാരനായ യുവാവിനെ പങ്കാളിയായി തെരഞ്ഞെടുത്തതെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു (Petition For Seeking Protection Of live-in Relationship).