ലഖ്‌നൗ : ട്രെയിന്‍ യാത്രയ്‌ക്കിടെ ജഡ്‌ജിക്കുണ്ടായ അസൗകര്യത്തില്‍ റെയില്‍വേയോട് വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി. ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലേക്ക് ട്രെയിനില്‍ യാത്ര ചെയ്‌ത അലഹബാദ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ഗൗതം ചൗധരിയ്‌ക്കാണ് അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട പരിഗണന ലഭിക്കാതിരുന്നത്. പുരുഷോത്തം എക്‌സ്‌പ്രസിലെ എസി 1 കോച്ചിലാണ് ജഡ്‌ജിയും ഭാര്യയും യാത്ര ചെയ്‌തിരുന്നത്.
ഇക്കഴിഞ്ഞ എട്ടിനായിരുന്നു യാത്ര. സംഭവത്തില്‍ ട്രെയിനിലുണ്ടായിരുന്ന ജിആര്‍പി, പാന്‍ട്രി കാര്‍ തുടങ്ങിയ ഉത്തരവാദപ്പെട്ട മുഴുവന്‍ ജീവനക്കാരില്‍ നിന്നും വിശദീകരണം തേടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജഡ്‌ജിയുടെ പരാതികള്‍ :ട്രെയിന്‍ മൂന്ന് മണിക്കൂര്‍ വൈകിയാണ് യാത്ര ചെയ്‌തത്. വൈകി സര്‍വീസ് നടത്തുന്നതിനെ കുറിച്ച് റെയില്‍വേ പൊലീസിനെ വിളിക്കാന്‍ ടിടിഇയോട് ആവശ്യപ്പെട്ടെങ്കിലും ഒരു ജിആര്‍പി (Government Railway Police) ഉദ്യോഗസ്ഥന്‍ പോലും ട്രെയിനില്‍ എത്തിയില്ല. മണിക്കൂറുകള്‍ വൈകിയത് കാരണം വിശന്നിരിക്കേണ്ടി വന്നു. ഭക്ഷണത്തിനായി നിരന്തരം പാന്‍ട്രി കാര്‍ ജോലിക്കാരുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. പാന്‍ട്രി കാര്‍ മാനേജര്‍ രാജ് ത്രിപാഠിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഇതെല്ലാമാണ് ജഡ്‌ജിയെ പ്രകോപിപ്പിച്ചത്.
സംഭവത്തില്‍ ജഡ്‌ജിയുടെ പരാതിയില്‍ അലഹബാദ് ഹൈക്കോടതിയുടെ രജിസ്ട്രാർ ആശിഷ് ശ്രീവാസ്‌തവയാണ് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നോട്ടിസ് അയച്ചത്. ജോലിയില്‍ ഇത്രയും ഗുരുതരമായ അനാസ്ഥ കാണിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും അശ്രദ്ധരായ ഇത്തരമാളുകള്‍ക്കെതിരെ റെയിൽവേ സ്വീകരിച്ച കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും ഇതോടൊപ്പം നോട്ടിസില്‍ നിർദേശം നൽകിയിട്ടുണ്ട്.
20 രൂപ അധികം ഈടാക്കിയതിന് 22 വര്‍ഷത്തെ നിയമപോരാട്ടം : ട്രെയിന്‍ യാത്രയിലെ സൗകര്യങ്ങള്‍, ജീവനക്കാരുടെ അനാസ്ഥ തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റെയില്‍വേയ്‌ക്കെതിരെ നേരത്തെയും കേസുകളും പരാതികളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ റെയില്‍വേയ്‌ക്കെതിരെ 22 വര്‍ഷം മുമ്പ് അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് നീതി ലഭിച്ചത്. ടിക്കറ്റ് നിരക്കില്‍ 20 രൂപ അധികം ഈടാക്കിയെന്ന പരാതിയിലാണ് ഒടുക്കം നീതി ലഭിച്ചത്.
തുംഗനാഥ് ചതുര്‍വേദി എന്ന അഭിഭാഷകനാണ് റെയില്‍വേയുമായി വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തിയത്. കേസില്‍ റെയില്‍വേയുടെ ഭാഗത്ത് വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ കോടതി 15000 രൂപ നഷ്‌ട പരിഹാരമായി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കൂടാതെ അഭിഭാഷകനില്‍ നിന്ന് ഈടാക്കിയ 20 രൂപ 12 ശതമാനം പലിശ ചേര്‍ത്ത് തിരികെ നല്‍കാനും നിര്‍ദേശിച്ചു.
1999 ലായിരുന്നു കേസിനാസ്‌പദമായ സംഭവം. യാത്രയ്ക്കായി മധുരയില്‍ നിന്ന് ടിക്കറ്റെടുത്തപ്പോഴാണ് ടിക്കറ്റ് നിരക്കില്‍ 20 രൂപ അധികം ഈടാക്കിയത്. സംഭവത്തിന് പിന്നാലെ ഉടന്‍ തന്നെ അഭിഭാഷകന്‍ കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.