ന്യൂഡൽഹി:വർധിച്ചുവരുന്ന വായു മലിനീകരണവും കൊവിഡ് പ്രതിസന്ധിയും മൂലം നവംബർ ഏഴ് മുതൽ 30 വരെ എല്ലാ തരത്തിലുളള പടക്കങ്ങളും ഡൽഹിയിൽ നിരോധിച്ചതായി ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ അറിയിച്ചു.
ദീപാവലിയോടനുബന്ധിച്ച് വൻതോതിൽ പടക്കം പൊട്ടിക്കുന്നത് അന്തരീക്ഷ മലിനീകരണം വർധിപ്പിക്കുകയും നാലു മണിക്കൂറോളം ആളുകൾക്ക് ശരിയായി ശ്വസിക്കാൻ കഴിയാതെയും വരുന്നതായി അദ്ദേഹം പറഞ്ഞു.
ഹരിത പടക്കങ്ങളും ഡൽഹിയിൽ നിരോധിച്ചു. എല്ലാവരും വീടിനുള്ളിൽ തന്നെ പൂജകളും പ്രാർഥനകളും നടത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നടത്തുന്ന ലക്ഷ്മീപൂജ തത്സമയം സംപ്രേക്ഷണം ചെയ്യും.
കൊവിഡ് വ്യാപനം അതിതീവ്രമാണെന്നും ജനങ്ങൾ വീടിന് പുറത്ത് പോകുമ്പോൾ മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ കൊവിഡ് രോഗികൾക്കായി 8,572 കിടക്കകൾ ലഭ്യമാണെന്നും 7,231 കിടക്കകൾ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് ആശുപത്രികളിൽ കിടക്കകൾ വർധിപ്പിച്ചിട്ടുണ്ട്.