വിശാഖപട്ടണം:വിശാഖ് സ്റ്റീൽ പ്ലാന്‍റിനെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ആന്ധ്രാ പ്രദേശിലെ പാര്‍ട്ടികള്‍ സംയുക്തമായി രംഗത്ത്. വിശാഖപട്ടണത്ത് നടന്ന സംയുക്ത റാലിയില്‍ എംഎല്‍എമാരും ട്രേഡ് യൂണിയനുകളിലെ നേതാക്കളും പങ്കെടുത്തു. സ്റ്റീൽ പ്ലാന്‍റിനെ രക്ഷിക്കാൻ തങ്ങളുടെ ജീവൻ ബലിയർപ്പിക്കാൻ തയാറാണെന്ന് ട്രേഡ് യൂണിയൻ നേതാക്കള്‍ പറഞ്ഞു.
വിശാഖ് സ്റ്റീൽ പ്ലാന്‍റിന്‍റെ സ്വകാര്യവത്ക്കരണത്തിനെതിരെ ആന്ധ്രാപ്രദേശില്‍ റാലി - വിശാഖപട്ടണം
ജനുവരി 27ന് നടന്ന കേന്ദ്ര സാമ്പത്തിക മന്ത്രിസഭാ സമിതിയാണ് പ്ലാന്‍റിന്‍റെ സ്വകാര്യവത്ക്കരണത്തിന് തത്വത്തിൽ അംഗീകാരം നൽകിയത്. സംസ്ഥാനത്തെ എല്ലാ പാര്‍ട്ടികളും ഇതിനെതിരാണ്.
ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവയ്‌ക്കാൻ തയാറാണെന്ന് ഭരണകക്ഷിയായ വൈഎസ്‌ആർസിപിയിലെ നേതാക്കൾ പ്രഖ്യാപിച്ചു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ പ്ലാന്‍റിനെ നഷ്‌ടത്തിലേക്ക് തള്ളിവിടാനുള്ള ഗൂഢനീക്കത്തിന്‍റെ ഫലമാണ് സ്വകാര്യവത്ക്കരണ നയമെന്ന് വൈഎസ്‌ആർസിപി എംപി വിജയസായി റെഡി ആരോപിച്ചു.
അതേസമയം, സ്വകാര്യവത്ക്കരണത്തിനെതിരെ പ്രതിഷേധിച്ച് എംഎല്‍എമാര്‍ രാജി പ്രഖ്യാപിക്കാത്തത് നിരാശാജനകമാണെന്ന് ട്രേഡ് യൂണിയൻ നേതാക്കള്‍ പറഞ്ഞു. എംഎൽഎമാരും എംപിമാരും രാജിയിലൂടെ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ടെന്ന് അവർ ആവശ്യപ്പെട്ടു. കേന്ദ്രനീക്കത്തിനെതിരെ സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ജനുവരി 27ന് നടന്ന കേന്ദ്ര സാമ്പത്തിക മന്ത്രിസഭാ സമിതിയാണ് പ്ലാന്‍റിന്‍റെ സ്വകാര്യവത്ക്കരണത്തിന് തത്വത്തിൽ അംഗീകാരം നൽകിയത്.