ന്യൂഡൽഹി : രാജ്യത്ത് ജാതി അടിസ്ഥാനത്തിലുള്ള ജനസംഖ്യ കണക്കെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി.
പിന്നാക്ക വിഭാഗങ്ങളുടെ ജാതി സെൻസസ് നടത്തുന്നത് ശ്രമകരമായതിനാൽ സെൻസസിന്‍റെ പരിധിയിൽ നിന്ന് അത്തരം വിവരങ്ങൾ ഒഴിവാക്കുന്നതാണ് നയപരമായ തീരുമാനമെന്നുള്ള കേന്ദ്രനിലപാടിന് പിന്നാലെയാണ് കൂടിക്കാഴ്‌ച.
ഹേമന്ത് സോറന്‍റെ നേതൃത്വത്തിൽ ജാർഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് ഠാക്കൂർ, ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ ദീപക് പ്രകാശ്, കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് അലംഗിർ ആലം, എജെഎസ്‌യു പ്രസിഡന്‍റും മുൻ ഉപമുഖ്യമന്ത്രിയുമായ സുദേഷ് മഹാതോ, ആർജെഡി നേതാവ് സത്യാനന്ദ് ഭോക എന്നിവരും മറ്റ് പാർട്ടി അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.
ജാതി സെൻസസ് വേണമെന്ന ആവശ്യം ; മോദിക്ക് കത്ത്
2021ലെ സെൻസസിൽ ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാസർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് ഹേമന്ത് സോറൻ അമിത് ഷായ്‌ക്ക് കൈമാറി.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം നടത്തിയ സെൻസസ് സർവേകളിൽ ജാതി വിവരങ്ങളുടെ അഭാവം മൂലം പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായി കത്തിൽ പറയുന്നു.