ഷിയോപൂർ :നമീബിയയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് എത്തിച്ച എട്ട് ചീറ്റകളുടെയും ആരോഗ്യസ്ഥിതി തൃപ്‌തികരമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ. പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 17ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേയ്ക്ക് തുറന്നുവിട്ട ചീറ്റകൾ ഒരുമാസം പിന്നിടുമ്പോൾ ഏറെ ആരോഗ്യവാന്മാരായാണ് കാണപ്പെടുന്നത്. ഇവ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടുവരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.
നിലവിൽ ക്വാറന്‍റൈനിൽ കഴിയുന്ന ചീറ്റകൾക്ക് കഴിക്കാൻ പോത്തിന്‍റെ മാംസമാണ് നൽകിവരുന്നത്. തിങ്കളാഴ്‌ച (ഒക്‌ടോബർ 17) ക്വാറന്‍റൈന്‍ വലയത്തിൽ നിന്നും ഇവയെ തുറന്ന സ്ഥലത്തേയ്ക്ക് മാറ്റിപാർപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് യോഗം ചേരുന്നുണ്ട്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ചീറ്റകളെ വനത്തിലേയ്ക്ക് തുറന്നുവിടാമെന്നാണ് കരുതുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ചീറ്റകളെ നിരീക്ഷിക്കാൻ പ്രത്യേക സംഘം :ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 70 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇവയെ രാജ്യത്തേയ്ക്ക് എത്തിച്ചിരിക്കുന്നത്. ചീറ്റകളെ രണ്ട് വർഷത്തേയ്ക്ക് നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ഒമ്പത് അംഗങ്ങളടങ്ങിയ പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്‌തു.