ഹൈദരാബാദ്: ധനകാര്യ കമ്മീഷന്‍ എന്നത് ഭരണഘടനാപരമായ അധികാരങ്ങളോടു കൂടിയ സ്ഥാപനമാണ്. ഭരണഘടനയുടെ 280-ാം അനുഛേദം അനുസരിച്ചാണ് ധനകാര്യ കമ്മീഷന്‍ (Finance commission) രൂപീകരിക്കുന്നത്. നികുതി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ പങ്കുവയ്‌ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംവിധാനമാണ് ധനകാര്യകമ്മീഷന്‍. 2026 - 2027 മുതല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള നികുതി വരുമാനത്തിന്‍റെ വീതം വെപ്പ് എങ്ങനെയാകണമെന്ന് ശുപാര്‍ശ സമര്‍പ്പിക്കുക പതിനാറാം ധനകാര്യകമ്മീഷനാവും.
ഭരണഘടന പ്രകാരം നികുതി വരുമാനം വീതം വെക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയാണ് ധനകാര്യകമ്മീഷന്‍റെ ചുമതല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങള്‍ തമ്മില്‍ത്തമ്മിലുമുള്ള നികുതി വരുമാനത്തിന്‍റെ പങ്കു വെപ്പ് എങ്ങനെയാവണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കും. ഇതിനു പുറമേ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള വിവിധ കേന്ദ്ര ഗ്രാന്‍റുകളുടെ കാര്യത്തിലും ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ നല്‍കും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഫെഡറലിസവുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയങ്ങളിലും കമ്മീഷന് ഉപദേശ അധികാരമുണ്ട്.
പൊതുജന സേവനത്തിന് തുല്യമായ വിഭവങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉറപ്പു വരുത്തുക വഴി രാജ്യത്ത് തുല്യത ഉറപ്പാക്കുകയാണ് ധനകാര്യകമ്മീഷന്‍റെ ലക്ഷ്യം. മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ഒരു പോലെ പൊതു സേവനങ്ങള്‍ക്കുള്ള പ്രതിശീര്‍ഷ ലഭ്യതയാണ് കമ്മീഷന്‍റെ വിഷയം. നികുതി ചുമത്തല്‍ ശേഷിയും സാമൂഹ്യ സാമ്പത്തിക സേവനങ്ങള്‍ക്കു മേലുള്ള ആളോഹരി വിനിയോഗവും വേര്‍തിരിച്ചു കൊണ്ടാണ് തുല്യമായ വിഭവ വിതരണം കമ്മീഷന്‍ ഉറപ്പാക്കുക.
ധനകാര്യ കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് രാഷ്ട്രപതിയുടെ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ പരിഗണനാ വിഷയങ്ങള്‍ക്കു പുറമേ ചിലപ്പോഴൊക്കെ കമ്മീഷനോട് പ്രത്യേക വിഷയങ്ങളിലും ശുപാര്‍ശ ആരായാറുണ്ട്. ഉദാഹരണത്തിന് പതിമൂന്നാം ധനകാര്യ കമ്മീഷനോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധന സ്ഥിതിയെപ്പറ്റിയും 2005 - 2010 കാലത്ത് സംസ്ഥാനങ്ങളുടെ വായ്‌പാ ഏകീകരണവും പരിഹാരവും സംബന്ധിച്ച സംവിധാനത്തെക്കുറിച്ചും (DCRF) പഠിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 2010- 15 കാലത്തേക്ക് കൈക്കൊള്ളേണ്ട ധനപരമായ ക്രമീകരണങ്ങളെപ്പറ്റി പ്രത്യേക റിപ്പോര്‍ട്ടും അന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങള്‍ ഏറെ വിവാദം സൃഷ്‌ടിച്ചതായിരുന്നു. ജനസംഖ്യ സംബന്ധിച്ച സ്ഥിതി വിവരങ്ങള്‍ക്ക് 1971ലെ കണക്കുകള്‍ക്ക് പകരം 2011ലെ കണക്കുകള്‍ ആധാരമാക്കണമെന്നതായിരുന്നു ഒന്ന്. വരുമാനക്കമ്മി നികത്താന്‍ ധനസഹായം അനുവദിക്കാമോ എന്നത് മറ്റൊരു വിഷയമായിരുന്നു. വിവാദമായ മറ്റൊരു വിഷയം ആഭ്യന്തര സുരക്ഷ, പ്രതിരോധം എന്നിവയ്ക്ക് ലാപ്‌സാകാത്ത പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താമോ എന്നതായിരുന്നു.
1969 ലെ അഡ്‌മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷന്‍ ആസൂത്രണ കമ്മീഷന്‍റേയും ധനകാര്യകമ്മീഷന്‍റേയും പ്രവര്‍ത്തനത്തിലെ ഓവര്‍ലാപ്പിങ്ങിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചിരുന്നു. പദ്ധതി പദ്ധതിയേതര ഗ്രാന്‍ഡുകള്‍ നല്‍കുന്നതില്‍ മാത്രം ആസൂത്രണ കമ്മീഷന്‍ ശ്രദ്ധിക്കണമെന്നും ധനകാര്യ കമ്മീഷന്‍ കേന്ദ്ര നികുതിയുടെ വീതം വെപ്പിനെക്കുറിച്ച് ശ്രദ്ധിക്കണമെന്നും അന്ന് അഡ്‌മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിരുന്നു. ഇരു സംവിധാനങ്ങളുടേയും ഫലപ്രദവും സുഗമവുമായ നടത്തിപ്പിന് ആസൂത്രണ കമ്മീഷനില്‍ നിന്നുള്ള ഒരംഗത്തെ ധനകാര്യ കമ്മീഷനില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതു പ്രകാരം ആറാം ധനകാര്യ കമ്മീഷന്‍ തൊട്ട് ആസൂത്രണ കമ്മീഷനില്‍ നിന്നുള്ള ഒരംഗത്തെ ധനകാര്യകമ്മീഷനില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സര്‍ക്കാരുകള്‍ തമ്മിലുള്ള ധനപരമായ കൈമാറ്റങ്ങളുടെ സ്വഭാവത്തില്‍ അടുത്ത കാലത്തായി വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തേയൊക്കെ സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ട് നല്‍കിക്കൊണ്ടിരുന്നത് രണ്ട് പ്രധാന മാര്‍ഗ്ഗങ്ങളിലൂടെയായിരുന്നു. ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ഫണ്ടുകളും മന്ത്രാലയങ്ങള്‍ നേരിട്ട് നല്‍കിയിരുന്ന ഫണ്ടുകളും. സംസ്ഥാന പദ്ധതികള്‍ക്കുള്ള ഫണ്ട് കൈമാറ്റം മുഖ്യമായും നടന്നു കൊണ്ടിരുന്നത് ആസൂത്രണ കമ്മീഷന്‍ വഴിയായിരുന്നു. 2015-16 തൊട്ട് ആസൂത്രണ കമ്മീഷന്‍ ഇല്ലാതായതോടെ അതെല്ലാം ഫിനാന്‍സ് കമ്മീഷന്‍റെ മാത്രം മേല്‍നോട്ടത്തിലായി. കേന്ദ്ര മേഖലയിലും കേന്ദ്ര ആവിഷ്‌കൃത പദ്ധതിയിലുമായുള്ള വിഹിതം ധനകാര്യകമ്മീഷന്‍റേതിന് പുറമെ നല്‍കിപ്പോരുന്നു.
നികുതി വരുമാനത്തിന്‍റെ വീതം വെപ്പില്‍ കേന്ദ്രവും സംസ്ഥാനങ്ങളുമായി കാലങ്ങളായിത്തന്നെ ഇന്ത്യയില്‍ വലിയ അസമത്വം നിലനില്‍ക്കുന്നുണ്ട്. വരവ് ചെലവ് ഉത്തരവാദിത്വങ്ങള്‍ സംബന്ധിച്ച ഭരണഘടനാപരമായ വിഭജനത്തിലെ ചില പ്രശ്‌നങ്ങള്‍ ഇതിനു പിന്നിലുണ്ട്. എല്ലാ നികുതികളേയും സംസ്ഥാനങ്ങളും കേന്ദ്രങ്ങളും തമ്മില്‍ വീതം വെക്കാനുള്ള ഡിവിസിബിള്‍ പൂളിലേക്ക് കൊണ്ടു വന്ന് പതിനൊന്നാം ധനകാര്യ കമ്മീഷന്‍ ഈ അസമത്വം പരിഹരിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അടുത്ത കാലത്തായി സെസ്സിന്‍റെ പേരിലുള്ള ഇങ്ങനെ വീതം വെക്കേണ്ടതില്ലാത്ത കേന്ദ്ര നികുതി വിഹിതം വലിയ തോതില്‍ ഉയരുന്നത് നാം കണ്ടു.
വീതം വെക്കുന്ന നികുതി വരുമാനത്തിന്‍റെ 10 ശതമാനം വരും കേന്ദ്രത്തിന് ലഭിക്കുന്ന ഈ സെസ് വരുമാനം എന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ തിട്ടപ്പെടുത്തുന്നു. സെസ്സുകളും സര്‍ച്ചാര്‍ജുകളുമായി ഇത്തരത്തില്‍ വലിയൊരു തുക സംസ്ഥാനങ്ങള്‍ക്ക് നഷ്‌ടമാകുന്നു. ഇത് സാമ്പത്തിക ഫെഡറലിസത്തിന്‍റെ അന്തസത്തയ്ക്ക് വിരുദ്ധമാണ്. കേന്ദ്ര പൂളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതി വരുമാനം 11, 12, 13, 14 ധനകാര്യ കമ്മീഷനുകള്‍ പടി പടിയായി ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നു. പതിനൊന്നാം ധനകാര്യ കമ്മീഷന്‍റെ കാലത്ത് 29.3 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയത് പന്ത്രണ്ടാം കമ്മീഷന്‍ 30.5 ശതമാനവും, പതിമൂന്നാം കമ്മീഷന്‍ 32 ശതമാനവും, പതിനാലാം ധനകാര്യ കമ്മീഷന്‍ 42 ശതമാനവും ആക്കി വര്‍ധിപ്പിച്ചു.