ശ്രീനഗർ: മറ്റ് കായിക വിനോദങ്ങളെപ്പോലെ ഏവർക്കും പ്രിയങ്കരമാണ് കുതിരസവാരി. വിനോദത്തിലുപരി പലർക്കും ഇതൊരു ഉപജീവനമാർഗം കൂടിയാണ്. ശ്രീനഗറിൽ നിന്നുള്ള അലി അബ്ബാസ് എന്ന ചെറുപ്പക്കാരന്‍ മധ്യ കശ്മീരിലെ ബുഡ്ഗാമിൽ കുതിരസവാരി പ്രേമികൾക്കായി ഒരു റൈഡിങ് സ്കൂൾ ആരംഭിച്ചിരിക്കുകയാണ്.
കുതിരപ്രേമിയാണോ..എങ്കിൽ ഫസുല്ല ഫാംസിലേക്ക് പോന്നോളു! ഫസുല്ല ഫാംസ് എന്ന് പേരിട്ടിരിക്കുന്ന സ്കൂളിൽ ഇതിനോടകം തന്നെ നിരവധി ചെറുപ്പക്കാരാണ് പഠനത്തിനായി എത്തിച്ചേരുന്നത്. കൂടാതെ യുവാക്കളെ പരിശീലിപ്പിക്കുന്നതിനായി നിരവധി പരിശീലകരാണ് ഫസുള്ള ഫാമിലുള്ളത്. മാർവാരി٫ സിന്ധി തുടങ്ങി വിവിധ ഇനങ്ങളിൽപ്പെട്ട കുതിരകൾ അലിയുടെ ഫാമിലുണ്ട്. കുട്ടിക്കാലം മുതൽ തനിക്ക് കുതിരക്കമ്പമുള്ളതായി അലി അബ്ബാസ് പറയുന്നു. കുതിരകളുടെ പരിപാലനത്തിനായി താന്‍ കൂടുതൽ സമയം ചെലവഴിക്കാറുണ്ട്. കുതിര സവാരി ചെയ്യാൻ ആഗ്രഹിക്കുന്ന നിരവധി ചെറുപ്പക്കാർ നമ്മുടെ ഇടയിലുണ്ട് അലി പറഞ്ഞു.
യുവതലമുറ മയക്കുമരുന്ന് ഉൾപ്പടെയുള്ള ലഹരി പദാർഥങ്ങളിൽ അടിമപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ യുവാക്കളെ മാറ്റി ചിന്തിപ്പിക്കാനാണ് ഇങ്ങനെയൊരു ആശയവുമായി താന്‍ മുന്നോട്ട് വന്നതെന്നും കുതിരസവാരി മനുഷ്യന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്നും അലി അവകാശപ്പെടുന്നു. കുതിരസവാരി ശരീരത്തിന് ഉന്മേഷം പ്രദാനം ചെയ്യുകയും മാനസിക സമ്മർദത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്നുതായാണ് വിദഗ്ധ പഠനങ്ങൾ തെളിയിക്കുന്നത്.