മുംബൈ : തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് സൂപ്പർ താര ദമ്പതികളായ ആലിയ ഭട്ടും രണ്‍ബീർ കപൂറും. ആലിയ ഭട്ട് ബുധനാഴ്‌ച മുംബൈയിലെ വസതിയിൽ ഗംഭീരമായ ബേബി ഷവർ സംഘടിപ്പിച്ചു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. സഹോദരി ഷഹീൻ ഭട്ട്, സുഹൃത്തുക്കളായ അനുഷ്‌ക, ഋഷിക മോഗെ എന്നിവരോടൊപ്പമുള്ള താരത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
ഇതിന്‍റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ബേബി ഷവറിൽ മഞ്ഞ നിറത്തിലുള്ള മനോഹരമായ കുർത്തിയാണ് ആലിയ ധരിച്ചിരുന്നത്. ആലിയയുടെ അച്ഛൻ മഹേഷ് ഭട്ട്, നീതു കപൂർ, റിദ്ധിമ കപൂർ, സംവിധായകൻ അയാൻ മുഖർജി, പൂജ ഭട്ട്, കരിഷ്‌മ കപൂർ തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഏപ്രില്‍ 14നായിരുന്നു ഇവരുടെ വിവാഹം. ലളിതമായ ചടങ്ങുകളോടെ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് രണ്ട് മാസത്തിന് പിന്നാലെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ തയാറായെന്ന വാർത്ത താരദമ്പതികൾ ആരാധകരെ അറിയിക്കുകയായിരുന്നു.
ALSO READ:സിംഗപ്പൂരിലെ അവാർഡ് ദാന ചടങ്ങിൽ തിളങ്ങി ബോളീവുഡ് താരം ആലിയ ഭട്ട്
'ബ്രഹ്മാസ്‌ത്ര പാർട്ട് -1 ശിവ'യാണ് ആലിയയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഗാൽ ഗാഡോട്ടിനൊപ്പം ബോളിവുഡിൽ ഹാർട്ട് ഓഫ് സ്റ്റോണ്‍സ് എന്ന ചിത്രത്തിലൂടെ ഹോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ആലിയ. കൂടാതെ രൺവീർ സിംഗ്, ധർമേന്ദ്ര, ജയ ബച്ചൻ, ശബാന ആസ്‌മി എന്നിവർക്കൊപ്പം 'റോക്കി ഔർ റാണി കി പ്രേം കഹാനി'യും താരത്തിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.