കൊൽക്കത്ത :ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വിരമിച്ച അലപന്‍ ബന്ദോപാധ്യായയെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ണായക നീക്കം. ഹരികൃഷ്ണ ദ്വിവേദിയാണ് പുതിയ ചീഫ് സെക്രട്ടറി. കേന്ദ്രത്തിലേക്ക് തിരികെ ചെല്ലണമെന്ന് ആവശ്യപ്പെട്ട് ബന്ദോപാധ്യായയ്ക്ക് മൂന്ന് മാസത്തെ സമയം നൽകിയിരുന്നെങ്കിലും തയ്യാറല്ലെന്ന് അദ്ദേഹം മറുപടി നല്‍കിയതായി മമത ബാനർജി പറഞ്ഞു.
അലപൻ ബന്ദോപാധ്യായയ്ക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടിസ് അയച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് മമത പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ഇതുവരെ അത്തരം കത്തുകളൊന്നും ലഭിച്ചിട്ടില്ല. ചീഫ് സെക്രട്ടറി പദവിയിൽ നിന്ന് വിരമിച്ചതിനാൽ കത്തിലെ നിർദേശങ്ങൾ പ്രാബല്യത്തിൽ വരില്ല. പരാജയത്തെ തുടർന്നുള്ള രാഷ്‌ട്രീയ പകപോക്കലാണ് ബിജെപി നടത്തുന്നതെന്നും മമത ബാനർജി പറഞ്ഞു.