ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റേതായി (Akshay Kumar) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഓ മൈ ഗോഡ് 2' (OMG 2). ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്‌തു. സിനിമയില്‍ നിന്നുള്ള 'ഹർ ഹർ മഹാദേവ്' (Har Har Mahadev) എന്ന ഭക്തി ഗാനമാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.
അക്ഷയ് കുമാറാണ് ഗാനം തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഗാന രംഗത്തില്‍ ഭഗവാന്‍ ശിവനായാണ് (Lord Shiva) അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെടുന്നത്. അക്ഷയ് കുമാറിന് ചുറ്റും നൃത്തം ചെയ്യുന്ന ഒരു കൂട്ടം നര്‍ത്തകരെയും ഗാനത്തില്‍ കാണാം.
'ഹര്‍ ഹര്‍ മഹാദേവ് ഗാനം പുറത്തിറങ്ങി. ഓ മൈ ഗോഡ് 2 ഓഗസ്‌റ്റ് 11ന് തിയേറ്ററുകളിൽ.'-എന്ന് കുറിച്ച് കൊണ്ടാണ് അക്ഷയ് കുമാര്‍ ഗാനം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. പോസ്‌റ്റിന് പിന്നാലെ കമന്‍റുകളായി ആരാധകരും എത്തി. നിരവധി പേര്‍ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളും കമന്‍റ് ചെയ്‌തു. 'മികച്ച ഗാനം', 'അതിശയം', 'ഈ സിനിമയ്ക്കായി കാത്തിരിക്കുന്നു' -തുടങ്ങി നിരവധി കമന്‍റുകളാണ് കമന്‍റ് ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹര്‍ ഹര്‍ മഹാദേവ് എന്നും നിരവധി പേര്‍ കുറിച്ചു.
മുഖത്ത് ചാരം പൂശി, അലങ്കരിച്ച നീളന്‍ തലമുടിയോട് കൂടിയാണ് അക്ഷയ് കുമാര്‍ ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാട്ടിനൊത്ത് നര്‍ത്തകര്‍ താളം ചവിട്ടുമ്പോള്‍ ആ ജനക്കൂട്ടത്തിനൊപ്പം, മഹാ ദേവന്‍ ശിവനായി അക്ഷയ് കുമാറും ചേരുന്നു. ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഹര്‍ ഹര്‍ മഹാദേവ്. ഒരാഴ്‌ച മുമ്പാണ് ചിത്രത്തിലെ ഊഞ്ചി ഊഞ്ചി വാടി (Oonchi Oonchi Waadi) എന്ന ആദ്യ ഗാനം റിലീസായത്. ഈ ഗാനത്തിന് മികച്ച പ്രേക്ഷ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.