ലഖ്നോ: പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ തുറന്ന കത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ജനങ്ങളുടെ വരുമാനം പകുതിയായി കുറയുകയും വിലക്കയറ്റം ഇരട്ടിയാകുകയും ചെയ്ത അവസ്ഥയിലേക്ക് നയിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്തതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. ദുരിതവും ബുദ്ധിമുട്ടും മാത്രമാണ് യുപി സര്‍ക്കാര്‍ ജനങ്ങള്‍ക്കായി നല്‍കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു
"സമൂഹത്തിലെ പാവങ്ങളും ചൂഷിതരും മാത്രമല്ല,തൊഴിലാളികള്‍,അഭ്യസ്ഥവിദ്യരായ യുവാക്കള്‍, സമ്പദ്‌വ്യവസ്ഥയുടെ പരിതാപകരമായ അവസ്ഥ കാരണം ജോലിയില്‍ നിന്നും പിരിച്ചുവിട്ടവര്‍, ചെറുതും വലുതുമായ സംരഭകര്‍,കര്‍ഷകര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളും 'വരുമാനം പകുതിയായി കുറയല്‍ വിലക്കയറ്റം ഇരട്ടിയാകല്‍' എന്ന ഇപ്പോഴത്തെ അവസ്ഥയില്‍ ദുരിതമനുഭവിക്കുകയാണ്" ഹിന്ദിയില്‍ എഴുതിയ കത്തില്‍ അഖിലേഷ് ആരോപിച്ചു. ഇന്ത്യ എന്ന മഹത്തായ റിപ്പബ്ലിക്കിന്‍റെ രൂപീകരണത്തിലേക്ക് നയിച്ച നമ്മുടെ ഭരണഘടനയെ സംരക്ഷിക്കണമെന്ന ആഹ്വാനവും അഖിലേഷ് യാദവ് നല്‍കി.
എല്ലാവിഭാഗങ്ങളേയും ഒരുമിപ്പിക്കാന്‍ കഴിയുന്ന രാഷ്ട്രീയത്തിലൂടെ മാത്രമെ സമൂഹത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ എന്നും അഖിലേഷ് യാദവ് പറഞ്ഞു.
"ഈ സര്‍ക്കാര്‍(യോഗി ആദിത്യ നാഥ് സര്‍ക്കാര്‍) സമൂഹത്തെ രണ്ടായി വിഭജിച്ചു. അതില്‍ ഒരു വിഭാഗം അവരുടെ ധനം തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മറു വിഭാഗം ഒരോ ദിവസവും കൂടുതല്‍ ദരിദ്രരായികൊണ്ടിരിക്കുകയാണ്. ചെറിയ ഒരു ശതമാനത്തിന് മാത്രമാണ് അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നത്. ഇടത്തരം വിഭാഗത്തിന്‍റെ ബാങ്കിലെ നിക്ഷേപങ്ങളും സുരക്ഷിതമല്ല", അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.