ന്യൂഡൽഹി: പ്രാദേശിക പാർട്ടികൾ ഓരോ സംസ്ഥാനങ്ങളിലായി ഒതുങ്ങി നിൽക്കുന്നത് കൊണ്ടാണ് കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്നവർ തന്നിഷ്‌ടത്തിന് പെരുമാറുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും സമാജ് വാദി പാർട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവും. കെസിആറിന്‍റെ ഡൽഹിയിലെ വസതിയിൽ വെള്ളിയാഴ്‌ച(29.07.2022) അഖിലേഷ് യാദവും സമാജ് വാദി പാർട്ടി രാജ്യസഭ അംഗം രാമ ഗോപാൽ യാദവും കൂടിക്കാഴ്‌ച നടത്തി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളും നേതാക്കൾ ചർച്ച ചെയ്‌തു.
പ്രതിപക്ഷ സർക്കാരുകളിലെ മന്ത്രിമാർക്കും ജനപ്രതിനിതികൾക്കുമെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന രീതിയാണ് കേന്ദ്ര സർക്കാരിന്‍റെതെന്നാണ് നേതാക്കളുടെ അഭിപ്രായം. ദക്ഷിണേന്ത്യയിൽ പാർട്ടികളുടെ വിപുലീകരണത്തിന് ഭാഷാപരമായ തടസങ്ങൾ ഉണ്ടെന്നും എന്നാൽ ഉത്തരേന്ത്യയിൽ അത്തരം തടസങ്ങൾ ഇല്ലാത്തതിനാൽ സമാജ് വാദി പോലുള്ള പാർട്ടികൾ അയൽ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ബിഹാർ, ഡൽഹി, ഹരിയാന എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിപുലീകരണത്തിനായി പ്രാദേശിക പാർട്ടികൾ സഹകരിക്കണമെന്നും ചർച്ചയിൽ പറഞ്ഞു.