ഭോപ്പാല്‍ (മധ്യപ്രദേശ്): ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത വിമര്‍ശനുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സംസ്ഥാനത്ത് നടക്കുന്നത് വ്യാജ ഏറ്റുമുട്ടലുകളാണെന്നും ഇത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാബാ സാഹേബ് അംബേദ്‌കറുടെ 132-ാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ മൗവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം 'വ്യാജം':ഏറ്റവുമധികം കസ്‌റ്റഡി മരണങ്ങളും വ്യാജ ഏറ്റുമുട്ടലുകളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത് ഉത്തര്‍ പ്രദേശിലാണ്. പൊലീസ് എന്‍കൗണ്ടറുകളെ കുറിച്ച് ഏറ്റവുമധികം നോട്ടിസുകള്‍ ലഭിച്ചിട്ടുള്ള സംസ്ഥാനവും ഉത്തര്‍ പ്രദേശാണ്. മുഖ്യമന്ത്രിയുടെ തന്നെ സമുദായത്തില്‍പെട്ട ഒരു യുവ നേതാവ് ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നുവെന്നും, ഈ യുവാവ് മര്‍ദനത്തിനൊടുവിലാണ് കൊല്ലപ്പെട്ടതെന്നും അഖിലേഷ് യാദവ് പറഞ്ഞു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ മികച്ച രീതിയിലാണ് ജോലി ചെയ്യുന്നതെന്നും എന്നാല്‍ യോഗി സര്‍ക്കാര്‍ ഇവരെ ഉത്തരവാദിത്തങ്ങളില്‍ നിന്നും തടയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അംബേദ്‌കറെ അനുസ്‌മരിച്ച്:ഭരണഘടന സ്ഥാപകനായ ബാബ സാഹേബിന്‍റെ പാദമുദ്രകളാണ് നമ്മള്‍ പിന്തുടരേണ്ടത്. ഭരണഘടന രൂപരേഖ തയ്യാറാക്കുന്നതില്‍ ബാബ സാഹേബിന്‍റെ പങ്ക് തുല്യതയില്ലാത്തതായിരുന്നു. വിവേചനത്തിനും ജാതി വ്യവസ്ഥയ്‌ക്കും തൊട്ടുകൂടായ്‌മയ്‌ക്കുമെതിരെയാണ് അദ്ദേഹം പോരാടിയതെന്നും അഖിലേഷ് യാദവ് പറഞ്ഞു. സമൂഹത്തിലെ അധഃസ്ഥിതരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനുവേണ്ടിയാണ് അദ്ദേഹം പരിശ്രമിച്ചതെന്നും അഖിലേഷ് വ്യക്തമാക്കി. എന്നാല്‍ നമ്മുടെ ഭരണഘടന അപകടത്തിലാണെന്നും ഭരണഘടന സംരക്ഷിക്കേണ്ടുന്ന പല സ്ഥാപനങ്ങളും ബിജെപി സര്‍ക്കാര്‍ വരുതിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദലിതരും സമൂഹത്തിലെ അധഃസ്ഥിതരുമായ ആളുകളുടെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുമെന്ന് താന്‍ പ്രതിജ്ഞയെടുത്തതായും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.