ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാന നിയമസഭയിൽ കള്ളം പറഞ്ഞുവെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. ഇടനിലക്കാരൻ എന്ന അർത്ഥമുള്ള ദലാൽ എന്ന വാക്ക് സഭയില്‍ ഉപയോഗിച്ചതിനെയും അഖിലേഷ് വിമര്‍ശിച്ചു. കർഷകരെ ഒറ്റിക്കൊടുക്കുന്ന ബ്രോക്കർമാർ മാത്രമാണ് കാർഷിക നിയമങ്ങളിൽ അതൃപ്തരായിരിക്കുന്നതെന്ന് വെള്ളിയാഴ്ച നടന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
നിയമസഭയിൽ മുഖ്യമന്ത്രി കള്ളം പറയുകയാണെന്ന് ആരോപിച്ച യാദവ്, ഉത്തർപ്രദേശിലെ ഏതെങ്കിലും കര്‍ഷകന് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില കൃത്യമായി കിട്ടുന്നുണ്ടോയെന്ന് ചോദിച്ചു. താങ്ങുവില ഏതൊക്കെ വിളകള്‍ക്കാണ് നല്‍കിയിരിക്കുന്നത് എന്നത് സംബന്ധിച്ച കൃത്യമായ പട്ടിക പുറത്തുവിടണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
കർഷകര്‍ മികച്ച ജീവിതം നയിക്കുന്നതില്‍ ഇടനിലക്കാര്‍ക്ക് സഹിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്തരമൊരു നുണ സഭയിൽ ആരെങ്കിലും സംസാരിക്കുമോയെന്നും യാദവ് ചോദിച്ചു. താങ്ങുവില നല്‍കുന്നത് സംബന്ധിച്ചുള്ള സര്‍ക്കാരിന്‍റെ അവകാശവാദങ്ങളെ പാടെ തള്ളിയ അഖിലേഷ് യാദവ് “ഗോരഖ്പൂർ, മഹാരാജ്ഗഞ്ച്, കുശിനഗർ, ഡിയോറിയ, സന്ത് കബീർ നഗർ, ബസ്തി, ഗോണ്ട, ഫൈസാബാദ് എന്നിവയുൾപ്പെടെ ഏതെങ്കിലും ജില്ലകളിൽ നിന്നുള്ള കർഷകർക്ക് താങ്ങുവില ലഭിച്ചിട്ടുണ്ടോയെന്നും ചോദിച്ചു. സംസ്ഥാനത്ത് എത്ര കര്‍ഷകര്‍ക്കാണ് താങ്ങുവില ലഭിച്ചതെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
“ദലാൽ” (ഇടനിലക്കാരൻ) എന്ന വാക്ക് ഉപയോഗിച്ചതിനെ എതിർത്ത യാദവ് ആദിത്യനാഥ് ഉത്തർപ്രദേശിന് പുറത്തുള്ള ആളാണെന്നും പ്രഖ്യാപിച്ചു. “ ഉത്തര്‍പ്രദേശുകാരനല്ലാത്ത യോഗി ആദിത്യനാഥിനെ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി ജനങ്ങള്‍ അംഗീകരിച്ചു എന്നത് എത്ര പേര്‍ക്ക് വിശ്വസിക്കാനാകും. ഉത്തര്‍ പ്രദേശിലെ ജനങ്ങളോട് യോഗി നന്ദിയുള്ളവരായിരിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.