ഹരിദ്വാർ: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ രാജ്യത്ത് തകൃതിയായി നടക്കുകയാണ്. റിലീസിന് പിന്നാലെ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേർ രംഗത്തെത്തുന്നുണ്ട്. ഇതിനിടെ ചിത്രത്തെ പുകഴ്‌ത്തി പ്രധാന മന്ത്രി നരേന്ദ്ര മോദിയും രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ ചിത്രത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് തീവ്ര ഹിന്ദു സന്യാസ സഭയായ അഖില ഭാരതീയ അഖാര പരിഷത്ത്.
ചിത്രത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടുകൊണ്ടും ബിജെപിയെ പിന്തുണച്ചുകൊണ്ടുമാണ് അഖില ഭാരതീയ അഖാര പരിഷത്ത് രംഗത്തെത്തിയത്. കോൺഗ്രസ് തുടക്കം മുതൽ മുസ്‌ലിം പ്രത്യയശാസ്ത്രത്തിന്‍റെ പാർട്ടിയാണെന്നും കോൺഗ്രസ് സർക്കാർ ഉള്ളിടത്തെല്ലാം മുസ്‌ലിംങ്ങൾക്ക് സംരക്ഷണം നൽകുന്ന ജോലിയാണ് ചെയ്യുന്നതെന്നുമായിരുന്നു അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്‍റ് മഹന്ത് രവീന്ദ്ര പുരി അഭിപ്രായപ്പെട്ടത്.
ചില യുവാക്കൾ ഇതര മതത്തിലെ പെൺകുട്ടികളെ ലൗ ജിഹാദിൽ കുടുക്കിയ ശേഷം ഉപേക്ഷിക്കുന്നു. കശ്‌മീരി ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ നേരത്തെ പുറത്തിറങ്ങിയ 'ദി കശ്‌മീർ ഫയൽസ്' എന്ന സിനിമയിൽ ആളുകൾ കണ്ടിട്ടുണ്ട്. എങ്ങനെയാണ് മുസ്‌ലിംങ്ങൾ ലൗ ജിഹാദ് പോലെയുള്ള പ്രചാരണം നടത്തുന്നതെന്ന് ദി കേരള സ്റ്റോറിയിൽ നിന്ന് വ്യക്തമായി അറിയാമെന്നും മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.
ആ കുടുംബങ്ങളുടെ വേദന നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ, തെറ്റായ ചിന്താഗതി കാരണം ആ പെൺമക്കളുടെ ജീവിതം എങ്ങനെ മാറിയെന്ന് നിങ്ങൾക്ക് ഊഹിക്കാം. അതിനാൽ തന്നെ 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവ് വളരെ പ്രധാനപ്പെട്ടതാണെന്നും അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്‍റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.