ന്യൂഡൽഹി:ഭോജ്‌പുരി നടി ആകാൻക്ഷ ദുബെയുടെ ദുരുഹ മരണത്തില്‍ ഗായകന്‍ സമർ സിങ് പിടിയില്‍. ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ, പൊലീസ് വ്യാപകമായി തെരച്ചിൽ നടത്തിയതിനൊടുവില്‍ ഗാസിയാബാദില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
ആകാൻക്ഷ ദുബെയുടെ ദുരൂഹ മരണത്തില്‍ ഭോജ്‌പുരി ഗായകൻ സമർ സിങിനും പുറമെ ഇയാളുടെ സഹോദരൻ സഞ്ജയ് സിങിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം ഗാസിയാബാദിലെത്തുകയും തുടര്‍ന്ന് നന്ദ്ഗ്രാം പൊലീസ് സ്റ്റേഷന് സമീപത്തെ രാജ് നഗർ എക്സ്റ്റൻഷൻ പ്രദേശത്തുനിന്നും നിന്ന് ഇയാളെ വലയിലാക്കുകയായിരുന്നു.
ALSO READ|CCTV Visual | ലിഫ്‌റ്റിന് മുന്‍പില്‍ നൃത്തം ചവിട്ടി ആകാൻക്ഷ ദുബെ; മരിച്ചതിന്‍റെ തലേ ദിവസമുള്ള ദൃശ്യം പുറത്ത്
'മകളെ കൊല്ലുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തി':സമര്‍ സിങിനെതിരെ നേരത്തേ ആകാൻക്ഷയുടെ അമ്മ മധു ദുബെ രംഗത്തെത്തിയിരുന്നു. തൻ്റെ മകൾ ആത്മഹത്യ ചെയ്‌തതല്ല, കൊലപ്പെടുത്തിയതാണെന്നാണ് ആകാൻക്ഷയുടെ അമ്മയുടെ ആരോപണം. സമർ സിങിനും സഹോദരൻ സഞ്ജയ് സിങുമാണ് ഇതിനുപിന്നിൽ എന്നാണ് ഇവര്‍ പറയുന്നത്. മാർച്ച് 23ന് സഞ്ജയ് സിങ് മകളെ കൊല്ലുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തി. സമർ സിങ് ആകാൻക്ഷ ദുബെയ്‌ക്ക് രണ്ട് കോടിയിലധികം കടം തിരിച്ച് നൽകാനുണ്ട്. ഇത് തിരിച്ച് നൽകാൻ ഇയാള്‍ താത്‌പര്യം കാണിച്ചിട്ടില്ലെന്നും അമ്മ ആരോപിച്ചിരുന്നു.
ALSO READ|ആകാന്‍ക്ഷ ദുബെയുടെ മരണം : ഗായകന്‍ സമര്‍ സിങ്ങിനും സഹോദരനുമെതിരെ ലുക്ക്ഔട്ട് നോട്ടിസ്
ഡിസിപി നിപുൺ അഗർവാൾ പറയുന്നതനുസരിച്ച്, നോയിഡയ്‌ക്ക് സമീപം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാന്‍ വാരാണസി പൊലീസ് വ്യാഴാഴ്‌ച (ഏപ്രില്‍ ആറ്) ഇവിടെയെത്തിയിരുന്നു. ഇയാൾ നാല് ദിവസം മുന്‍പാണ് ഈ പ്രദേശത്ത് എത്തിയത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അതിന് ശേഷമേ നടിയുടെ മരണത്തിന്‍റെ യഥാര്‍ഥ കാരണം വ്യക്തമാവുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. ഭോജ്‌പുരി നടി ആകാൻക്ഷ ദുബെയെ മാർച്ച് 26നാണ് വാരാണസിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യ സ്ഥിരീകരിക്കാതെ പൊലീസ്:ഭോജ്‌പുരി സിനിമാലോകത്തെ താരസുന്ദരിയും ബോൾഡ് രംഗങ്ങളിലൂടെ ശ്രദ്ധേപിടിച്ചുപറ്റുകയും ചെയ്‌ത ആകാൻക്ഷയുടെ മരണവാർത്ത സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. സാരാനാഥ് പ്രദേശത്തെ ഹോട്ടൽ മുറിയിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. വരാനിരിക്കുന്ന ഒരു പ്രൊജക്റ്റിന്‍റെ ഷൂട്ടിങിനായി വാരാണസിയിൽ താമസിച്ചുവരുന്നതിനിടെയാണ് സംഭവം.
ആകാൻക്ഷയെ വിളിക്കാന്‍ മുറിയുടെ വാതിലിൽ ചെന്ന് മുട്ടിയപ്പോൾ തുറന്നില്ലെന്നും ഫോൺ കോള്‍ എടുത്തില്ലെന്നും സിനിമ സംഘത്തിലെ ഒരാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. മൃതദേഹം കണ്ടെത്തിയ ദിവസം രാവിലെ 10ന് നടി സിനിമ സെറ്റിലേക്ക് എത്താത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ഇവരെ വിളിക്കാന്‍ ചെന്നത്.
ALSO READ|ഭോജ്‌പുരി നടി ആകാൻക്ഷ ദുബെയുടെ ആത്‌മഹത്യയിൽ വഴിത്തിരിവ്; ഗായകൻ സമർ സിങ്ങിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം