ബിയാസ് (പഞ്ചാബ്):ഖലിസ്ഥാന്‍ അനുഭാവിയും 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത്‌പാല്‍ സിങും അനുയായികളും ചേര്‍ന്ന് അജ്‌നാല പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസില്‍ പിടിയിലായ ഏഴുപേരെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു. കഴിഞ്ഞദിവസം ജലന്ധര്‍ മോഗ പൊലീസ് സംയുക്ത ഓപറേഷനിലൂടെ അറസ്‌റ്റ് ചെയ്‌ത ഏഴുപേരെയാണ് കോടതി മാർച്ച് 23 വരെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടത്. കഴിഞ്ഞ മാസമാണ് പൊലീസ് പിടികൂടിയ തന്‍റെ സന്തത സഹചാരിയായ ലവ്പ്രീത് സിങിന്‍റെ മോചനത്തിനായി അമൃത്‌പാൽ സിങും അനുയായികളും വാളുകളും തോക്കുകളുമായെത്തി അമൃത്‌സർ നഗരത്തിലെ പ്രാന്തപ്രദേശത്തുള്ള അജ്‌നാലയിലെ പൊലീസ് സ്‌റ്റേഷൻ ആക്രമിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്‌തത്.
പൊലീസ് പറയുന്നതിങ്ങനെ:ഇന്നലെ അറസ്‌റ്റിലായ ഏഴുപേരെയും ഇന്ന് കാലത്ത് കോടതിയില്‍ ഹാജരാക്കി മാർച്ച് 23 വരെ കസ്‌റ്റഡിയില്‍ വാങ്ങുകയായിരുന്നുവെന്ന് അമൃത്‌സര്‍ റൂറലിലുള്ള ബിയാസ് പൊലീസ് സൂപ്രണ്ട് ജുഗ്‌രാജ് സിങ് അറിയിച്ചു. ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരം അനധികൃത ആയുധങ്ങൾ കൈവശം വച്ചതിന് അമൃത്പാലിന്‍റെ ഏഴ് കൂട്ടാളികളെ അറസ്‌റ്റ് ചെയ്‌തു എന്ന് അമൃത്‌സര്‍ റൂറല്‍ സീനിയര്‍ സൂപ്രണ്ട് സതീന്ദര്‍ സിങ് മുമ്പ് അറിയിച്ച വിവരത്തിലും അദ്ദേഹം വ്യക്തത വരുത്തി. അറസ്‌റ്റിലായവര്‍ക്കെതിരെ ആയുധ നിയമപ്രകാരം ഇന്നലെ രാത്രി പുതിയ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തുവെന്നും ഇതിലും അമൃത്‌പാല്‍ ഒന്നാം പ്രതിയാണെന്നും ജുഗ്‌രാജ് സിങ് പറഞ്ഞു. അറസ്‌റ്റിലായവരില്‍ നിന്ന് ആറ് ഇരട്ടക്കുഴല്‍ തോക്കുകളും കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞദിവസം ജലന്ധറില്‍ പൊലീസ് നടത്തിയ ഓപറേഷനിടെ രക്ഷപ്പെട്ട അമൃത്‌പാലിനായുള്ള തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.