അജ്‌മീര്‍ (രാജസ്ഥാന്‍) : ട്രക്കും എല്‍പിജി ടാങ്കറും കൂട്ടിയിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ വെന്തുമരിച്ചു. രാജസ്ഥാനിലെ ബീവറില്‍ ഇന്നലെ രാത്രിയാണ് എൽപിജി ഇന്ധനം നിറച്ച ഗ്യാസ് ടാങ്കറും മാർബിൾ കയറ്റിവന്ന ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അതേസമയം സ്‌ഫോടനം നടന്ന പ്രദേശത്തിന്‍റെ 500 മീറ്റര്‍ അപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ട്രക്കും കത്തിനശിച്ചു.
വാഹനം കൂട്ടിയിടിച്ച് സ്‌ഫോടനമുണ്ടായതോടെ ഇരു വാഹനത്തിന്‍റെയും ഡ്രൈവര്‍മാരുള്‍പ്പടെ മൂന്നുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഏതാണ്ട് പൂര്‍ണമായും പൊള്ളലേറ്റ മറ്റൊരാളെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സയ്‌ക്കിടെയാണ് മരണം സംഭവിച്ചത്. അപകടത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വിറ്ററിലൂടെ ദുഖം രേഖപ്പെടുത്തി.
അപകടം സംഭവിക്കുന്നത് ഇങ്ങനെ :മാര്‍ബിള്‍, ഗ്യാസ് ടാങ്കറിനുമേല്‍ പതിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. മൂന്ന് ചേംബറുകളില്‍ ഗ്യാസുമായി പോയ ടാങ്കറില്‍ മാര്‍ബിള്‍ പതിച്ചതോടെ ഒരു ചേംബറിന് തീപിടിച്ചു. ഇത് മറ്റ് ചേംബറുകളിലേക്ക് കൂടി പടര്‍ന്നതോടെയാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയുടെ തീവ്രതയില്‍ 500 മീറ്റര്‍ അകലെ നിര്‍ത്തിയിട്ടിരുന്ന ട്രക്കിനും തീപിടിക്കുകയായിരുന്നു.
ഇവ സ്‌ഫോടനത്തിന്‍റെ ബാക്കിപത്രം :അപകടത്തെത്തുടര്‍ന്ന് അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി അശോക് ഗെലോട്ട് അപകട ഇന്‍ഷുറന്‍സിനെക്കുറിച്ചും വ്യക്തമാക്കി. ചിരഞ്ജീവി അപകട ഇന്‍ഷുറന്‍സ് സ്‌കീം പ്രകാരം തുക ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സഫോടനത്തെ തുടര്‍ന്ന് പരിസരത്തെ നിരവധി വീടുകള്‍ക്കും നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ട നാലുപേരെ കൂടാതെ പ്രദേശത്ത് താമസിച്ചിരുന്ന മൂന്നുപേര്‍ക്ക് കൂടി ജീവന്‍ നഷ്‌ടപ്പെട്ടതായി ബീവര്‍ സദര്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ചെനറാം ബേഡ അറിയിച്ചു. സ്‌ഫോടനത്തില്‍ അടുത്തുണ്ടായിരുന്ന കടയും സമീപത്തെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കാലിത്തീറ്റയും കത്തിനശിച്ചതായി അദ്ദേഹം പറഞ്ഞു. സംഭവത്തിന്‍റെ അപകടാവസ്ഥ പരിഗണിച്ച് പത്ത് വീട്ടുകാരെ സമീപത്തുനിന്ന് മാറ്റി പാര്‍പ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് പറയുന്നതിങ്ങനെ:സ്‌ഫോടനത്തില്‍ മൂന്ന് വാഹനങ്ങളാണ് പൂര്‍ണമായും കത്തിനശിച്ചത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ബീവറിലെ അമൃത് കൗര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മരിച്ച, ട്രെയിലറിന്‍റെ ഡ്രൈവറും നോഖ സ്വദേശിയുമായ സുന്തര്‍, സുഭാഷ് (40), അജിന (45) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ സുന്ദര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കിടെയാണ് മരിച്ചത്.
ഒഴിവായത് വന്‍ അപകടം :നിലവില്‍ ആറ് വീടുകള്‍ അഞ്ച് കടകള്‍, അഞ്ച് മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയാണ് സ്‌ഫോടനത്തില്‍ കത്തിനശിച്ചിട്ടുള്ളത്. മാത്രമല്ല സ്‌ഫോടനത്തെ തുടര്‍ന്ന് കടമുറികളുടെ ഷട്ടറുകളും മറ്റും തകര്‍ന്ന് തെറിക്കുകയും ചെയ്‌തു. അതേസമയം മാര്‍ബിളുകൊണ്ടുള്ള ഇടിയുടെ ആഘാതത്തില്‍ ഗ്യാസ് ടാങ്കറിലുണ്ടായിരുന്ന മറ്റ് രണ്ട് ചേംബറുകളിലേക്കും നേരിട്ട് തീപടര്‍ന്നിരുന്നുവെങ്കില്‍ അപകടം ഇനിയും വര്‍ധിക്കാനിടയുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇത്തരത്തിലായിരുന്നുവെങ്കില്‍ പ്രദേശത്തെ 20 വീടുകളെങ്കിലും പൂര്‍ണമായും കത്തിനശിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുമായിരുന്നു.